അബുദാബി: എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല ഹാദി അൽ ഷെയ്ഖ് അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. അറബ് ലോകത്തെ സ്പോർട്സ്, എൻ്റർടൈൻമെൻ്റ് ബ്രോഡ്കാസ്റ്റിങ് രംഗത്ത് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2014 മുതൽ 2017വരെ അബുദാബി ചാനൽസ് നെറ്റ് വർക്കിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.
യുഎഇയിൽ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകുന്നതിനായുള്ള യാസ് സ്പോർട്സ് ചാനൽ ആരംഭിക്കുന്നതിന് ഇദ്ദേഹത്തിൻ്റെ ഇടപെടൽ കാരണമായിട്ടുണ്ട്. പരമ്പരാഗത കായിക ഇനങ്ങളായ ഒട്ടക ഓട്ടം, കുതിരസവാരി എന്നിവയുൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് അദ്ദേഹം. അറബിക് വിദ്യാഭ്യാസ വിനോദ മേഖലകൾക്ക് വേണ്ടിയുള്ള മാജിദ് ചാനലിൻ്റെ രൂപീകരണത്തിനും അബ്ദുല്ല ഹാദി അൽ ഷെയ്ഖ് സുപ്രധാന സംഭാവനകൾ നൽകി.
2017 ൽ ‘ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് ഓഫ് ദി ഇയർ’, 2016 ൽ ‘യുഎഇ പയനിയർ അവാർഡ്’, 2009 ൽ ‘ബെസ്റ്റ് ടെക്നോളജി ഇംപ്ലിമെന്റർ’ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. 2000-ൽ യുഎഇ വെബ് സ്റ്റാർ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. യുകെയിലെ ഗ്ലാസ്ഗോയിലെ സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അൽ ഷെയ്ഖ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദവും നേടിയത്.