ദുബായ്: ഒരു ലക്ഷം മലയാളികളെ ദുബായിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ അറബ് സോൺ ഒരുങ്ങുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ ഉടമസ്ഥാവകാശം എന്ന ആശയത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. ഇത്തരത്തിൽ പരമാവധി എട്ട് പേർക്ക് ഒന്നിച്ചു ചേർന്ന് ദുബായിൽ ഒരു പ്രോപ്പർട്ടി വാങ്ങാനാവും എന്നതാണ് വ്യവസ്ഥ. ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം മൂലധനമായി മുടക്കണം. 5000 ദിർഹം മുടക്കി രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ നടപടികളും പൂർത്തീകരിക്കാനാവുമെന്നതാണ് ഈ ടെക് സ്റ്റാർട്ടപ്പിന്റെ പ്രത്യേകത. ഇതിലൂടെ വാങ്ങുന്ന യൂണിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനം ലഭിക്കാനും വില്പന നടത്തി ലാഭം വീതിച്ചു നൽകുവാനും ഈ പദ്ധതി വഴി സാധ്യമാകുമെന്ന് അറബ്സോൺ ഡയറക്ടർ കസീർ കൊട്ടിക്കോള്ളൻ പറഞ്ഞു.
ലോകത്തിലെ എവിടെയുമുള്ള മലയാളിക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാമെന്ന് അൽ വഫ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ മുനീർ അൽ വഫ പറഞ്ഞു. പണം മുടക്കുന്നവർക്ക് അതിന്റെ പൂർണ്ണമായ ഔദ്യോഗിക രേഖകൾ സ്വന്തമായി ലഭിക്കും. ദുബായ് സർക്കാർ അംഗീകരിച്ച നിയമ വ്യവസ്ഥയിലൂടെ ആയിരിക്കും മുഴുവൻ നടപടികളും പൂർത്തീകരിക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് കൂടെയുള്ള പങ്കാളികളുടെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭ്യമാക്കുകയും ചെയ്യും. അറബ്സോൺ സ്ഥാപകനും സിഇഒയുമായ റഊഫ്, അൽ വഫ ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ആദിൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലും യുഎഇയിലും ഉള്ള മലയാളികൾക്ക് പുറമെ യുകെ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്കും ഈ സംരംഭത്തിൽ പങ്കാളികളാവാമെന്ന് മുനീർ അൽ വഫ കൂട്ടിച്ചേർത്തു.