ദുബായ്: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ 86 പേരുൾപ്പെടെ 210 രോഗികളെയാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. റാമൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദബി വിമാനത്താവളത്തിലിറങ്ങി. രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഗസ്സയിൽ നിന്നുള്ള 22-ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം യുഎഇയിലെത്തിയത്. ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവരേയും അർബുദ ബാധിതർ ഉൾപ്പെടെയുള്ള രോഗികളെയും സഹായിക്കുന്നതിനായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച സംരംഭത്തിന്റെ ഭാഗമായാണ് മാനുഷിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. യുദ്ധത്തിൽ പരിക്കേറ്റ 1000ത്തിലധികം കുട്ടികളും 1000 അർബുധ ബാധിതരും യുഎഇയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
യുഎഇയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ശക്തമായ സഹകരണമാണ് പുതിയ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വികസനകാര്യ അസി. മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ശംസി പറഞ്ഞു. രോഗികളും കുടുംബങ്ങളും അടക്കം ഇതുവരെ 2127 പേരെയാണ് യുെഇയിലെത്തിച്ചത്.