റിയാദ് – പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് സൗദിയില്‍ അഞ്ചു പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാമിന്റെ (എന്‍.ആര്.ഇ.പി) നാലാം ഘട്ടത്തിന്റെ ഭാഗമായാണ് സൗദി പവര്‍ പ്രൊക്യുര്‍മെന്റ് കമ്പനി പദ്ധതികള്‍ ആരംഭിച്ചതെന്നും എസ്.പി.എ കൂട്ടിച്ചേര്‍ത്തു.
കാറ്റിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി വഴി 1,800 മെഗാവാട്ടും സൗരോര്‍ജം വഴി 1,500 മെഗാവാട്ട് ശേഷിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള രണ്ടു പദ്ധതികളും മുഖേന 3,300 മെഗാവാട്ട് ശേഷി കൂടുതലായി ഉല്പാദിപ്പിക്കാന് സാധിക്കും. 2030 ഓടെ രാജ്യത്തെ മൊത്തത്തിലുള്ള ഊര്‍ജ മിശ്രിതത്തിന്റെ 50 ശതമാനം വരെ പുനരുപയോഗ ഊര്‍ജത്തിന്റെ ഭാഗമായി ഉല്പാദിപ്പിക്കണമെന്ന വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളിലൊന്ന് സാക്ഷാത്കരിക്കുകയാണ് പുതിയ പദ്ധതികളുടെ ഉദ്ദേശ്യമെന്ന് എന്‍.ആര്.ഇ.പി പ്രസ്താവിച്ചു.