ഷാര്‍ജ – ലോകമെമ്പാടുമുള്ള മനുഷ്യര്‍ രുചി ആസ്വാദിക്കുന്നതില്‍ വ്യത്യാസമില്ലെന്നും ഭക്ഷണത്തില്‍ മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നതിലാണ് മാറ്റമെന്നും പ്രമുഖ പാചകവിദഗ്ധന്‍ വിക്കി രത്‌നാനി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും അറേബ്യയിലും ചൈനയിലും പാചക വേളയില്‍ വ്യത്യസ്ത രീതിയിലാണ് മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് ഭക്ഷണത്തെ ഹോട്ട്, സ്‌പൈസി എന്നിങ്ങനെ വേര്‍തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യന്‍ പാചകത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനാല്‍ നല്ല വാസന നമുക്ക് അനുഭവപ്പെടുന്നു. അതേസമയം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പൊതുവേ ഹോട്ടും സ്‌പൈസിയുമായിരിക്കും. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കുക്കറി ഷോ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിക്കി രത്‌നാനി.
കുക്കറി ഷോയില്‍ ഒരു മണിക്കൂറിനകം മൂന്ന് വിഭവങ്ങള്‍ ഉണ്ടാക്കി പാചക സ്‌നേഹികള്‍ക്ക് അനുഭൂതി പകര്‍ന്നു. ഇന്റോ-അറേബ്യന്‍ രുചിക്കൂട്ടില്‍ മട്ടനും ഈന്തപ്പഴവും ഉപയോഗിച്ച് പാചകം ചെയ്ത കജൂര്‍ മട്ടന്‍കറി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലും അറേബ്യന്‍ രാജ്യങ്ങളിലും ഉപയോഗിക്കുന്ന മസാലകള്‍ ചേര്‍ത്താണ് ഈ പ്രത്യേക വിഭവം തയ്യാറാക്കിയത്. മുംബൈയിലെ പ്രിയപ്പെട്ട വിഭവമായ ചെമ്മീന്‍ പുലാവ്, ചിക്കന്‍ കബാബ് എന്നീ വിഭവങ്ങളും കുക്കറി ഷോയില്‍ അവതരിപ്പിച്ചു. വിക്കി രത്‌നാനി രചിച്ച ‘അര്‍ബന്‍ ദേശി’ എന്ന പാചക പുസ്തകവും പ്രദര്‍ശിപ്പിച്ചു. തുടക്കക്കാര്‍ക്ക് വരെ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ കഴിയുന്ന മികച്ച പാചകക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.
ലോക പ്രശസ്തനായ വിക്കി എല്ലാ ഭൂഖണ്ഡങ്ങളിലെയും ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിലൂടെ ഭക്ഷണപ്രിയര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. എന്‍.ഡി ടിവി ഷോയില്‍ പാചക ഷോ ചെയ്യുന്ന വിക്കി രത്‌നാനിക്ക് 2015-ല്‍ ഇന്ത്യയിലെ മികച്ച പാചക അവാര്‍ഡ് ലഭിച്ചിരുന്നു.