മമ്മൂട്ടി ചിത്രം ‘ടർബോ’ അടുത്ത വ്യാഴാഴ്‌ചയാണ് തീയേറ്ററുകളിലെത്തുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്‌ക്കുണ്ട്. മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ദുബായ് ദെയ്‌റ സിറ്റി സെന്റർ വോക്സ് സിനിമയിൽ നടന്ന പ്രസ്‌മീറ്റിൽ ‘ഏഴുമാസത്തോളമായി മമ്മൂട്ടി കമ്പനി അണിയിച്ചൊരുക്കിയ ഈ ചിത്രം മാസ് സിനിമയാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് ബോദ്ധ്യമായിട്ടില്ല. വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന സിനിമയാണ്. പക്ഷേ മാസ് രംഗങ്ങളൊക്കെ ഉണ്ട്. മാസിനും ക്ലാസിനും ഇത് രണ്ടും അല്ലാത്ത ആളുകൾക്കും, സാധാരണക്കാർക്കും പാമരനും പണ്ഡിതനുമൊക്കെ കാണാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആർക്കൊക്കെ ഇഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പറ്റില്ല. ആളുകൾ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. അതിന്റെയൊരു സന്തോഷവും പേടിയുമൊക്കെയുണ്ട്. എന്നാലും എന്തേലുമാകട്ടെ, പടം ഇറങ്ങാൻ പോകുവല്ലേ. സാധനം കൈയിൽ നിന്ന് പോയി. അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു,’-അദ്ദേഹം പറഞ്ഞു.
തുടർന്ന് അരങ്ങേറിയ മാധ്യമ പ്രവർത്തകരുടെ പുതിയ സിനിമയെ സമീപിക്കുമ്പോൾ ബാധിക്കാറുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ‘വിജയം നമ്മൾ തലയിൽ കയറ്റാതിരുന്നാൽ മതി.നോർമലായിരുന്നാൽ ഈ ടെൻഷനൊന്നുമില്ല. ഞാൻ ആദ്യം അഭിനയിക്കാൻ പോകുന്ന സിനിമയാണ് എന്ന ഫീലിംഗോടെയാണ് പോകുന്നത്. പരാജയവും വിജയവും ഒക്കെ ജീവിതത്തിലും സിനിമയിലുമൊക്കെ ഉണ്ടാകും. പത്ത് നാൽപ്പത്തിരണ്ട് കൊല്ലം സിനിമയിൽ അഭിനയിച്ചു. അതിൽ എല്ലാം വിജയവുമല്ല, എല്ലാം പരാജയവുമല്ല. മുന്നോട്ടുപോയല്ലേ പറ്റൂ. സിനിമയെടുക്കുകയോ അഭിനയിക്കുകയോ ചെയ്യണം. ഓടുമോ ഇല്ലയോ എന്നാലോചിച്ച് വീട്ടിലിരിക്കാനാകില്ലല്ലോ. ജീവിതം അങ്ങനെയാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് പ്രതിസന്ധികളും വിജയങ്ങളുമൊക്കെ ഉണ്ടാകാം. അത് നിങ്ങളിൽ സന്തോഷവും ആവേശവും സങ്കടവുമൊക്കെ ഉണ്ടാക്കിയാലും ജീവിതം മുന്നോട്ടുതന്നെ പോകുകയാണ്,- മമ്മൂട്ടി പ്രതികരിച്ചു. ഒപ്പം തന്റെനാല്പത്തിരണ്ട് വർഷത്തെ സിനിമയാത്രയിൽ ഡ്രൈവിംഗ്, കുളിംഗ് ഗ്ലാസ്, സിനിമപ്രമേയങ്ങൾ ഇതിൽ ഏറ്റവും വലിയ സന്തോഷമെന്താണെന്ന ചോദ്യത്തോടും മമ്മൂട്ടി പ്രതികരിച്ചു. ‘സിനിമ. കൂളിംഗ് ഗ്ലാസും കാറുമൊക്കെ ഈ സിനിമ കൊണ്ടുതന്നതല്ലേ,’- മമ്മൂട്ടി വ്യക്തമാക്കി.
സിനിമയുടെ തിരഞ്ഞെടുപ്പിന് സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ടോയെന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നൽകി. ‘കഥയ്ക്ക് തന്നെയാണ് പ്രാധാന്യം. പിന്നെ പരിചയമുള്ളയാളാകുമ്പോൾ നമുക്ക് ധൈര്യമായി വിശ്വസിക്കാം. അത്രയേയുള്ളൂ. അല്ലാതെ പരിചയത്തിലുള്ളയാൾ കഥയും കൊണ്ടുവന്നാൽ, മോശമാണെങ്കിൽ എടുക്കാൻ പറ്റുമോ. ഇല്ല. ഒരു കാര്യവും ചെയ്യാൻ പറ്റില്ല. അങ്ങനത്തെ ഒന്നുമില്ല. സിനിമയിൽ വന്നശേഷം ബന്ധപ്പെട്ടവരാണ് കൂടുതലും,’- മമ്മൂട്ടി കൂട്ടിച്ചേർത്തു.
“ടർബോ” എന്ന സിനിമ തന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രോജക്റ്റ് ആണെന്നും, പ്രേക്ഷക പ്രതികരണത്തിനായി കാത്തിരിക്കുന്നതിൽ തനിക്ക് ഭയവും ആകാംക്ഷയും ഉണ്ടെന്നും, എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് വളരെ സവിശേഷതയുള്ള അനുഭവമായിരുന്നുഎന്നും, തമിഴ് അറിയില്ലെങ്കിലും മലയാളം ചെറുതായി അറിയാം. എന്നാൽ ഒരു വലിയ നടനോടൊപ്പം അഭിനയിക്കേണ്ടിവന്നതിനാൽ ആദ്യം ഭയം തോന്നിയിരുന്നു. എന്നാൽ ചിത്രീകരണത്തിനിടെ മമ്മൂട്ടി തന്നെ പ്രോത്സാഹിപ്പിച്ചതായും ടർബോയിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന കന്നഡ നടൻ രാജ് ബി.ഷെട്ടി വെളിപ്പെടുത്തി. വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന തമിഴനായിട്ടാണ് രാജ് ബി.ഷെട്ടി വേഷമിടുന്നത്. ഒപ്പം മമ്മൂട്ടിയെന്ന മഹാനടനോടൊപ്പം അദ്ദേഹം നിര്‍മിക്കുന്ന വലിയൊരു പടത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടി അഞ്ജന ജയപ്രകാശ് പറഞ്ഞു.
ഈ മാസം 23നാണ് കേരളത്തോടൊപ്പം ഗൾഫിലും. വിദേശരാജ്യങ്ങളിലും ചിത്രം പുറത്തിറങ്ങുന്നത്. ദുബായിൽ നടന്ന പത്ര സമ്മേളനത്തിൽ ഗൾഫിൽ വിതരണം ചെയ്യുന്ന ട്രൂത്ത് ഫിലിംസിന്‍റെ അബ്ദുൽ സമദും പങ്കെടുത്തു.