ഷാർജ – ലോകത്തിലെ 76 രാഷ്ട്രങ്ങളില്‍ നിന്ന് 294 നഗരങ്ങളാണ് ജി.എന്‍.എല്‍.സി പട്ടികയിലുള്ളത്. സാംസ്കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സാമ്പത്തിക രംഗത്ത് ഊര്‍ജസ്വലമായ നഗരമാണ് ഷാര്‍ജയെന്ന് യുനെസ്കോ (യുണൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്) വിലയിരുത്തി. സുസ്ഥിര വികസനത്തിനും സാമ്പത്തിക മല്സരക്ഷമതക്കുമൊപ്പം സമൂഹത്തിന് ആജീവനാന്ത പഠനം ലഭ്യമാക്കാനുള്ള ഷാര്‍ജയുടെ താല്പര്യവും ജി.എന്‍.എല്‍.സിയില്‍ ഉള്‍പ്പെടുത്തി യുനെസ്കോ ചൂണ്ടിക്കാട്ടുന്നു. യുനെസ്കോയുടെ പഠന നഗര ശൃംഖലയില്‍ ചേരുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ ഷാര്‍ജക്ക് കഴിഞ്ഞതായി ഷാര്‍ജ ഗവണ്മെന്റ് മീഡിയ ബ്യൂറോ അഭിപ്രായപ്പെട്ടു. നിരന്തര പരിശ്രമങ്ങളുടെ വിജയമാണ് ഷാര്‍ജയുടെ ജി.എന്‍.എല്‍.സി അംഗത്വം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധിപനുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ ദീര്‍ഘവീക്ഷണവും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളുമാണ് വികസന പദ്ധതികള്‍ക്കൊപ്പം ഷാര്‍ജയുടെ വിദ്യാഭ്യാസ പ്രക്രിയകളെയും മുന്നില്‍ നിര്‍ത്തുന്നതെന്നും മീഡിയാ ബ്യൂറോ വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് ഷാര്‍ജ എജുക്കേഷന്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. സഈദ് മുസാബ അല്‍കാബി പറഞ്ഞു. യുനെസ്കോ വിജ്ഞാന ശൃംഖലയില്‍ ഇടംപിടിക്കാനായതിലൂടെ വിദ്യാഭ്യാസ സേവന മേഖലകളില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കും. അടിസ്ഥാന സൗകര്യ വികസന പ്രക്രിയകള്‍ക്കൊപ്പം വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ നൂതന പദ്ധതികളാണ് യുനെസ്കോ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിങ് സിറ്റികളിലേക്ക് റാസല്‍ഖൈമക്ക് വഴി തുറന്നതെന്ന് റാക് എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് ഖലീഫ അഭിപ്രായപ്പെട്ടു.
അറിവിനും വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും പ്രചോദനവും പരിശീലനവും പങ്കുവെക്കുന്ന അന്താരാഷ്ട്ര നയ അധിഷ്ഠിത വിജ്ഞാന ശൃംഖലയായ യുനെസ്കോ, ജി.എന്‍.എല്‍.സി. സമൂഹത്തെ തുല്യരായി ഉള്‍ക്കൊണ്ട് എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയും ആജീവനാന്ത പഠന അവസരങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ജി.എന്‍.എല്‍.സി പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സുപ്രധാനം.
വിജ്ഞാന മേഖലയുടെ വിപുലീകരണത്തിനും ലോക തലത്തില്‍ ഉരുതിരിയുന്ന നൂതന ആശയങ്ങളുടെ കൈമാറ്റത്തിനും വേഗത്തിലുള്ള പ്രയോഗവത്കരണത്തിനും ജി.എന്‍.എല്‍.സി അംഗത്വം റാസല്‍ഖൈമയെ സഹായിക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി വിദ്യാഭ്യാസ മേഖലക്ക് നല്കുന്ന ഊന്നലാണ് റാസല്‍ഖൈമയുടെ ഈ ആഗോള നേട്ടത്തിന് നിദാനമെന്നും ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് തുടര്‍ന്നു.