ദുബായ്: ദുബായ് മെട്രോയ്ക്ക് ഇന്ന് 15-ാം പിറന്നാള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദനം അറിയിച്ചു. എക്സിലൂടെയാണ് അദ്ദേഹം ദുബായി മെട്രോയെ അഭിനന്ദിച്ചത്.
15 വര്‍ഷത്തിനിടെ ദുബായ് മെട്രോയില്‍ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് യാത്ര ചെയ്തത്. കൃത്യനിഷ്ഠതയുടെ കാര്യത്തിലും ദുബായ് മെട്രോ പിന്നിലല്ല. 99.7 ശതമാനം കൃത്യനിഷ്ഠത പാലിക്കാന്‍ ദുബായ് മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിവരും കാലങ്ങളിലും കൃത്യനിഷ്ഠ നിരക്ക് നൂറിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കൃത്യനിഷ്ഠ, ഗുണനിലവാരം, ആഗോള തലത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള നഗരത്തിന്റെ പ്രതിബദ്ധതക്കുള്ള മികച്ച ഉദാഹരമാണ് ദുബായ് മെട്രോ എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിച്ചതിന് ദുബായ് മെട്രോയിലെ എല്ലാ ജീവനക്കാര്‍ക്കും ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു.