Business Gulf UAE

പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ‘ആസ’യും ബഹുരാഷ്ട്ര കമ്പനികളും തമ്മില്‍ ധാരണ.

Written by themediatoc

ദുബായ് – ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വെറ്റെക്‌സില്‍ ആസാ ഗ്രൂപ്പിന്റെ നിറസാന്നിധ്യം ഈ വര്‍ഷവും. പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ഒമാന്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, യുഎസ്‌ജെ ടര്‍ബോ, യുഎഇയില്‍ ഇമാർ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയുമായി സംയുക്ത സംരംഭങ്ങളായെന്ന് ആസ ചെയര്‍മാനും എംഡി യുമായ സി.പി സാലിഹ് വാര്‍ത്താ ലേഖകരെ അറിയിച്ചു . ഇമാറുമായി നേരത്തെ തന്നെ കരാറുണ്ട്. പുതിയ രണ്ട് കമ്പനികളുമായും ധാരണയിലെത്തിയതോടെ പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ആസ വെന്നിക്കൊടി പാറിക്കും. 2009 മുതലിങ്ങോട്ട് എല്ലാ വര്‍ഷവും തുടര്‍ച്ചയായി ആസയുടെ സാന്നിധ്യം വെറ്റെക്‌സില്‍ പ്രകടമാണ്. മനോഹരമായി രൂപകല്‍പന ചെയ്ത ആസാ പവലിയന്‍ ആയിരക്കണക്കിന് സന്ദര്‍ശകരെയും പ്രദര്‍ശകരെയും അന്തര്‍ദേശീയ പ്രതിനിധികളെയും ആകര്‍ഷിച്ചു.

മൂന്ന് പതിറ്റാണ്ടായി ആസായുടെ സാന്നിധ്യം യുഎഇയുടെ പ്രത്യേകിച്ച്, ദുബൈയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ തെളിഞ്ഞു കാണാം.
ആസ ഓരോ വര്‍ഷവും നൂതന സാങ്കേതിക വിദ്യ കൈവരിച്ച് വിവിധ മേഖലകളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. വിജയകരമായ പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ഗ്രൂപ്.

നവീന ഉത്പന്നങ്ങള്‍, സൊല്യൂഷന്‍സ്, സാങ്കേതിക വിദ്യകള്‍, ഇന്നൊവേഷന്‍ എന്നിവ പരിചയപ്പെടാനും തങ്ങളുടെ പ്രവര്‍ത്തന മേഖലകളിലേക്ക് അവയൊക്കെ ഉപയോഗപ്പെടുത്താനും വെറ്റെക്‌സിലെ തുടര്‍ച്ചയായ സാന്നിധ്യം കൊണ്ട് ആസക്ക് കഴിയുന്നുണ്ട്. അന്തര്‍ദേശീയ വ്യവസായ സംരംഭകരുമായി ആശയങ്ങള്‍ കൈമാറാനും പരസ്പര നേട്ടങ്ങള്‍ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാനും തങ്ങളുടെ വിലപ്പെട്ട അനുഭവങ്ങളും അറിവുകളും നൂതന സാങ്കേതിക വിദ്യകളും പരസ്പരം കൈമാറാനും കഴിയുന്നു. വെറ്റെക്‌സില്‍ ഉന്നത നിലവാരമുള്ള സെമിനാറുകള്‍, ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളുടെ വൈദഗ്ധ്യം പങ്കിടല്‍ എന്നിവ നടക്കുന്നു. ഈ വര്‍ഷവും ആസയുടെ വിദഗ്ധ സമിതി സെമിനാറുകളില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 15 വര്‍ഷമായി ദീവയുടെ അംഗീകൃത കോണ്‍ട്രാക്ടര്‍ എന്ന നിലയില്‍ സതുത്യര്‍ഹ സേവനം നടത്തി വരുന്നു ആസ. ദീവ എംഡിയും സിഇഒയും വെറ്റെക്‌സ് ചെയര്‍മാനുമായ സഈദ് മുഹമ്മദ് അല്‍തായറിന്റെയും മറ്റു ഉന്നത അധികാരികളുടെയും പ്രശംസ പിടിച്ചു പറ്റാന്‍ ഇക്കാലയളവില്‍ ആസക്ക് കഴിഞ്ഞിട്ടുണ്ട്. പവര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, സിവില്‍, ഫെസിലിറ്റി മാനേജ്‌മെന്റ്, സ്ട്രക്ചറല്‍ സ്റ്റീല്‍ ഫാബ്രികേഷന്‍, ഐടി, സോളാര്‍ പവര്‍, ആര്‍ട്ടിഫിഷ്യല്‍ഇന്റലിജന്‍സ്, കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് റെന്റല്‍ എന്നീ മേഖലകളിലാണ് ആസയുടെ പ്രവര്‍ത്തനം.

അബുദബി അല്‍ദാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, അര്‍മാണി ഹോട്ടല്‍ ബാല്‍കണി, ആപ്പിള്‍ ഷോറൂം (ദുബൈ മാള്‍), ഐന്‍ ദുബൈ ഫൗണ്ടേഷന്‍ ആന്‍ഡ് ടെര്‍മിനല്‍ ബില്‍ഡിംഗ്, മോള്‍ ഓഫ് എമിറേറ്റ്‌സ് എക്‌സ്പാന്‍ഷന്‍, യുഎഇ മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിസ്മാന്റ്‌ലിംഗ് ആന്‍ഡ് റീലൊക്കേഷന്‍, ദുബൈ എയര്‍ ഷോ ഡിസ് മാന്റ്‌ലിംഗ് ആന്‍ഡ് റീലൊക്കേഷന്‍, ഇത്തിഹാദ് റെയില്‍ തുടങ്ങിയ പ്രധാനപ്പെട്ട പ്രൊജക്ടുകളില്‍ ആസയുടെ പങ്കാളിത്തവും സാന്നിധ്യവും തെളിഞ്ഞു കാണാം. ദുബൈ വേള്‍ഡ് എക്‌സ്‌പോയിലെ മുഖ്യ ആറ് പവലിയന്നുകളിലൊന്നായിരുന്ന ഇന്ത്യ പവലിയന്റെ ഓഡിയോ, വീഡിയോ, പ്രൊജക്ഷന്‍, ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം തുടങ്ങിയവയുടെ ഡിസൈന്‍, സപ്‌ളേ, ഇന്‍സ്റ്റലേഷന്‍, കമ്മീഷനിംഗ് തുടങ്ങി ആറു മാസത്തെ വിജയകരമായ നടത്തിപ്പ് വരെ ആസയുടെ ഐസിടി വിഭാഗത്തിന്റെ സ്തുത്യര്‍ഹ പ്രവര്‍ത്തന ഫലമായിരുന്നു.
അടുത്ത 15 വര്‍ഷത്തേക്കുള്ള പദ്ധതികളും പരിപാടികളും വികസനവും മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ചെയര്‍മാന്‍ സി.പി സാലിഹ് വ്യക്തമാക്കി.ഡയറക്ടര്‍ അന്‍ഹര്‍ സാലിഹ്, സിഇഒ ഫാരിസ് അബൂബക്കര്‍, ജനറല്‍ മാനേജര്‍ ഇബ്രാഹിംകുട്ടി എന്നിവര്‍ സംബന്ധിച്ചു.

About the author

themediatoc

Leave a Comment