ദുബായ് : ലോകപ്രശസ്ത അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സംഗീത റിയാലിറ്റി ഷോ ‘യൂണിവേഴ്‌സൽ ഐഡൽ’ ദുബായിൽ നടത്തും. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് ലഭിക്കുന്നത്. അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് അൽ ഹസൻ ബിൻ അലി അൽ നുഐമിയുടെ രക്ഷകർതൃത്വത്തിൽ ദുബായിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബും, എച്ച്.എം.സി ഇവന്‍റ്സും ചേർന്നാണ് റിയാലിറ്റി ഷോ നടത്തുന്നത്. യൂനിവേഴ്സൽ ഐഡലിന്‍റെ ആദ്യ ഓഡിഷൻ ഈമാസം 28,29 തിയതികളിൽ ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇന്ത്യയിൽ നടക്കുന്ന ഓഡിഷനിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരടക്കം നൂറുപേർ ഫെബ്രുവരി 22 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹിന്ദി ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന ഏത് രാജ്യത്തുനിന്നുള്ളവർക്കും പ്രായ, ലിഗ ഭേദമന്യേ മൽസരത്തിൽ പങ്കെടുക്കാം.
ഗായകരായ അലി കുലി മിർസ, ആരവ് ഖാൻ, സംഘാടകരായ ഷക്കീൽ ഹസൻ, ജോദസിങ്, ജിതേന്ദർ സിങ്ല, മിസ് പ്ലാനറ്റ് ഇന്‍റർനാഷണലായി തെരഞ്ഞെടുക്കപ്പെട്ട ഇമറാത്തി മോഡൽ ഡോ. മെഹ്റ ലുത്ഫി, സന്ദീപ് കോമേഡിയൻ, സന്തോഷ് ഗുപ്ത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.