ദുബായ് – ദുബായ് മഹാ നഗരത്തിൽ ഇനിമുതൽ ലിമോ സർവീസുകൾ കയ്യടക്കാൻ ചൈനീസ് ഇലക്ട്രിക് വാഹനകമ്പനി നിർമിച്ച സ്കൈവെൽ ഒരുങ്ങുന്നു. ദുബായ് ടാക്സി കോർപറേഷൻ (ഡി.ടി.സി) വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചു തുടങ്ങി. മൂന്ന് മാസത്തെ പരീക്ഷണകാലയളവിൽ ദുബായ് റോഡിലുള്ള വാഹനത്തിന്റെ പ്രകടനം ഉൾപ്പെടെ വിലയിരുതിയായിരിക്കും പൂർണമായും അംഗീകരിക്കുക. സ്കൈവെൽ ഇ.ടി-5 എസ്.യു.വിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങിയത്. 40 മിനിറ്റ് കൊണ്ട് 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഒരുതവണ പൂർണമായും ചാർജ് ചെയ്താൽ 520 കിലോമീറ്റർ വരെ ഓടാനുള്ള ശേഷിയുണ്ടാകും.
നിലവിൽ 2050ഓടെ കൂടെ കാർബൺ ബഹിർഗമനമില്ലാത്ത ഗതാഗതം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്ന ദുബായിയുടെ നയത്തെ പിന്തുണക്കാനാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡി.ടി.സി ചീഫ് എക്സിക്യൂട്ടിവ് മൻസൂർ അൽ ഫലാസി പറഞ്ഞു. ഇതിന്റെ ഭാഗമായി വരുന്ന ഓരോവർഷവും 70 വാഹനങ്ങളെങ്കിലും ഇത്തരത്തിൽ നിരത്തിലിറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദുബായിലെ എല്ലാ ടാക്സികളും 2027ഓടെ പരിസ്ഥിതിസൗഹൃദമാക്കുമെന്ന് ആർ.ടി.എ അറിയിച്ചിരുന്നു. ഇതിൽ ഹൈബ്രിഡ് (ഇന്ധനവും വൈദ്യുതിയും) ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ ഉൾപ്പെടും. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഡി.ടി.സിയുടെ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പുതിയ ടാക്സികൾ നിരത്തിലിറക്കുന്നത്.