പല ഫിന്‍ടെക്കുകളും ആര്‍ബിഐ നിയന്ത്രിതമല്ല, മറിച്ച് കടം കൊടുക്കല്‍, ഷാഡോ-ലെന്‍ഡിംഗ് എന്നിവയുടെ ബിസിനസ്സിലാണ്. ഇത്തരം ഫിന്‍ടെക്കുകള്‍ രാജ്യത്തിനുയര്‍ത്തുന്ന ഭീഷണി ചെറുതല്ല. സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്ന് പലര്‍ക്കും ആശങ്കയുണ്ടാകാം. ഈ വിഷയത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഇവിടെ.
നിരവധി പരാതികള്‍ കണക്കിലെടുത്ത്, ഡിജിറ്റൽ വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടം ഈ വർഷം ആഗസ്റ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയിരുന്നു. ബാങ്കിംഗ് റെഗുലേറ്റര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആര്‍ബിഐ വായ്പാ വിതരണം അനുവദിച്ചത്.
ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ അടുത്തിടെ കര്‍ശന നടപടി ആരംഭിച്ചിരുന്നു. ഇതിൽ ചിലതിന് ചൈനീസ് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഈ മാസം ആദ്യം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ആര്‍ബിഐയോട് നിയമവിരുദ്ധമായ ആപ്പുകള്‍ ഇല്ലാതാക്കാന്‍ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളുടെ ‘വൈറ്റ് ലിസ്റ്റ്’ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ ഫിന്‍ടെക് മേഖല അശ്രാന്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ പറഞ്ഞിരുന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. ഉപഭോക്താവിനെ അറിയുവാനുള്ള വിവിധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള കെവൈസി കാര്യക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അതേ ദിവസം തന്നെ ധനമന്ത്രി സീതാരാമന് പറഞ്ഞു.