ദുബായ്: പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് “പ്രോസ്പെര” എന്ന പേരിൽ പുതിയ എൻ.ആർ.ഇ സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എയർപോർട്ട് ലോഞ്ച്, ഡെബിറ്റ് കാർഡ് ഉപയോഗത്തിന് റിവാർഡ് പോയിന്റ് തുടങ്ങി പ്രവാസികൾക്കായി നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണ് പ്രോസ്പര സേവിങ്സ് അക്കൗണ്ടെന്ന്. ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒപ്പം ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമായ ഫെഡ് മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീം (പി.ഐ.എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ഇക്ബാൽ മനോജ് നിർവഹിച്ചു.
ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താം. അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫെഡറൽ ബാങ്ക് മേധാവിയായി ചുതലയേറ്റ ശേഷമുള്ള കെ.വി.എസ് മണിയന്റെ ആദ്യ ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് വാർത്താസമ്മേളനം നടത്തിയത്. ഫെഡറൽ ബാങ്കിന്റെ ഇടപാടുകാരുടെ യോഗത്തിലും കെ.വി.എസ് മണിയൻ പങ്കെടുത്തു.