ദുബായ് – ലോകത്തിലെ ഏറ്റവും വലിയ സർക്കാർ സംഗമങ്ങളിലൊന്നായ ആഗോള സർക്കാർ ഉച്ചകോടിക്ക് തിങ്കളാഴ്ച ദുബൈയിൽ തുടക്കമാകും. ‘ഭാവിസർക്കാറിനെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ ദുബായ് മദീനത്ത് ജുമൈറയിലെ വിവിധ ഹാളുകളിലാണ് പരിപാടി നടക്കുക. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കും. 200 സെഷനുകളിലായി 300 പ്രഭാഷകറം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും. ഒപ്പം 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കും. സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും ഈ ഉച്ചകോടിയിൽ പ്രഖ്യാപിക്കും.
ഉച്ചകോടിയുടെ ചെയർമാനും കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അൽ ഗർഗാവി ആദ്യ ദിനമായ തിങ്കളാഴ്ച സദസിനെ അഭിസംഭോതന ചെ യ്യുന്നതോടെ ആദ്യ സെഷൻ ആരംഭിക്കും. ഒപ്പം ആദ്യ ദിനം ലോക സാമ്പത്തിക ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ എൻഗോസി ഐവീല, ജോർജിയ പ്രധാനമന്ത്രി ഇറക്ലി ഗരീബഷ്വിലി, റുവാണ്ട പ്രധാനമന്ത്രി എഡ്വേഡ് എൻഗിറന്റെ, ഈജിപ്ത് പരിസ്ഥിതി മന്ത്രി ഡോ. യാസ്മിൻ ഫുവാദ്, ആർ.ടി.എ എക്സിക്യൂട്ടിവ് ബോർഡ് ഡയറക്ടർ മത്താർ അൽതായർ, യു.എ.ഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സെയ്ഫ് ആൽ നഹ്യാൻ തുടങ്ങിയവർ സംവദിക്കും. വരുംദിനങ്ങളിലായി ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്, ഇംഗ്ലീഷ് നടൻ ഇദ്രിസ് എൽബ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പട്ടികയിലുണ്ടെങ്കിലും അദ്ദേഹം എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
കാലാവസ്ഥ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും പ്രധാന ചർച്ചാവിഷയം. എഫ്.വൈ.ഐ സി.ഇ.ഒയും സംഗീതജ്ഞനും നിർമാതാവുമായ വിൽ അയാം, മെറ്റ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലഗ്, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയെവ്, സെനഗാൾ പ്രസിഡന്റ് മാക്കി സാൽ, പരഗ്വേ പ്രസിഡന്റ് മാരിയോ അബ്ദോ ബെനിറ്റെസ്, തുനീഷ്യ പ്രധാനമന്ത്രി നജ്ല ബൗദൻ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ എൻഗോസി ഒകോഞ്ഞോ, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജീവ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോം ഗബ്രേയസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മേള15ന് സമാപിക്കും.