അബുദാബി – കോവിഡ് എന്ന മഹാമാരിയാൽ രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ് നിയന്ത്രണങ്ങളും യു.എ.ഇ ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നിയമം തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് സർക്കാർ വക്താക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പുതിയ നിയമമനുസരിച്ച് ഇനിമുതൽ അബുദാബി മാളുകളിലോ, പൊതു സ്ഥലങ്ങളിലോ നടക്കുന്ന പരിപാടികളിലും പ്രത്യക സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന്നും ഇനിമുതൽ അൽ ഹുസ്ൻ ഗ്രീൻ പാസ് ആവശ്യമില്ല.
പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്കുകൾ ആവശ്യമില്ല. ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ് മാസ്ക് ധരിക്കേണ്ടതുള്ളൂ. അതേ സമയം കോവിഡ് ബാധിച്ചവർ അഞ്ചുദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി (എൻ.സി.ഇ.എം.എ) വൃത്തങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.