ദുബായ് – ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നാമകരണത്തിൽ അറിയപ്പെടുന്ന സായിദ് തുറമുഖത്തിന്റെ 50മത് വാർഷികത്തിന്റെയും ഖലീഫ തുറമുഖത്തിന്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി ‘അബൂദബി പോർട്സു’മായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ 1,000 സ്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കി. ആഗോളതലത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതും, പ്രധാനപ്പെട്ട വ്യാപാര റൂട്ടുകളിലൊന്നിൽ സ്ഥിതി ചെയ്യുന്നതുമായ ഖലീഫ തുറമുഖം ലോകത്തിലെ ഏറ്റവും തിരക്കേറിയതും തുറമുഖമായാണ് അറിയപ്പെടുന്നത്. മുൻകഴിഞ്ഞ കാലങ്ങളിൽ തുറമുഖങ്ങൾ കൈവരിച്ച മുന്നേറ്റവും നാവിക മേഖലയിലെ പ്രാധാന്യവും ഉയർത്തിക്കാണിക്കുന്നതാണ് സ്മരണികയായി പുറത്തിറക്കിയ നാണയങ്ങൾ.
പുതുതായി പുറത്തിറക്കിയ നാണയത്തിന്റെ മുൻവശത്ത് ‘സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ’ എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിയതിനൊപ്പം അബൂദബി പോർട്ട് ഗ്രൂപ് ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻവശത്ത് ‘സായിദ് പോർട്ട് 50 മത് വാർഷികം’, ‘ഖലീഫ പോർട്ട് പത്താം വാർഷികം’ എന്നിങ്ങനെ അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ നാണയത്തിനും 60 ഗ്രാം തൂക്കമാണുള്ളത്.
യു.എ.ഇ.യുടെ തലസ്ഥാനമായ അബൂദബിയുടെ സമുദ്ര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും എമിറേറ്റിനെ പ്രമുഖ പ്രാദേശിക, ആഗോള ഹബ്ബായി ഉയർത്തുന്നതിലും മഹത്തായ സംഭാവനകൾ നൽകുന്നതിനുള്ള അഭിനന്ദനമെന്ന നിലയിലാണ് നാണയങ്ങൾ പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു. അബൂദബി തുറമുഖ ഗ്രൂപ്പുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ അവർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
51മത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ 1000 ദിർഹമിന്റെ പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കിയിരുന്നു. സാധാരണ കടലാസ് കറൻസികൾക്ക് പകരമാണ് ഏറെക്കാലം നിലനിൽക്കുന്ന പോളിമർ കറൻസികൾ പുറത്തിറക്കിയത്. ഇതിനു മുന്നോടിയായി മുമ്പ് അഞ്ച്, പത്ത്, അൻപത് ദിർഹമിന്റെ പോളിമർ കറൻസികളും യു.എ.ഇ.പുറത്തിറക്കിയിരുന്നു.