ദുബായ് – കഴിഞ്ഞ 50 വർഷത്തിനിടയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ മുഖചിത്രങ്ങൾ ആലേഖനം ചെയ്ത സ്വർണം, വെള്ളി നാണയങ്ങൾ ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ ബുധനാഴ്ച പുറത്തിറക്കിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ ചെക്ക് മിന്റുമായുള്ള പങ്കാളിത്തത്തിലാണ് നാണയങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. ഇതോടൊപ്പം അബൂദബിയിലെ സാദിയാത്ത് ഐലൻഡിൽ സ്ഥിതിചെയ്യുന്ന ആർട്ട് മ്യൂസിയമായ ലൂവ്ർ അബൂദബിയുടെ ചിത്രം പതിച്ച നാണയവും പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഇരു നാണയങ്ങളും റമദാൻ മാസത്തിന് ശേഷമാണ് വിപണിയിൽ ഇത് ലഭ്യമായിത്തുടങ്ങുക എന്ന് അധികൃതർ വ്യക്തമാക്കി.