ദുബായ് – യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ത് ബിൻത് ജുമാ ആൽ മക്തൂമിന്റെ നിർദേശ പ്രകാരം 2017 ജനുവരിയിൽ ആരംഭിച്ച യു.എ.ഇ ഫുഡ് ബാങ്ക് വഴി അഞ്ചുകോടി ഭക്ഷണപ്പൊതികൾ അർഹരായവരുടെ കൈകളിലെത്തിക്കാൻ സാധിച്ചതായി ഫുഡ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്രി പറഞ്ഞു. നിലവിൽ ദുബായ് ഫുഡ്ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർവിമൻ കൂടിയാണ് ശൈഖ ഹിന്ദ്.
ആഗോളതലത്തിൽ ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കുന്നതിന് സഹായമാകുന്നതിനാണ് ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവിന് കീഴിലാണിത് പ്രവർത്തിക്കുന്നത്. സന്നദ്ധപ്രവർത്തകരുമായും സംഘടനകളുമായും സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഹോട്ടലുകൾ, റസ്റ്റാറന്റ്, ഇഫ്താർ ടെന്റുകൾ തുടങ്ങിയവയുമായി സഹകരിച്ച് റമദാനിൽ മാത്രം 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിനാണ് ബോധവത്കരണ കാമ്പയിനുകളും ഒപ്പം സംഘടിപ്പിക്കുന്നത്. പ്രകൃതിദുരന്ത ഭൂമികളിലും മറ്റും പ്രത്യേകമായ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
യു.എ.ഇ ഫുഡ് ബാങ്കിന് നിലവിൽ അൽ ഖൂസ്, മുഹൈസിന, ജബൽ അലി, റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലായി ആറു ബ്രാഞ്ചുകളാണുള്ളത്. സംരംഭം വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നത് ദുബായ് മുനിസിപ്പാലിറ്റിയാണ്. മുൻവർഷങ്ങളിൽ യു.എ.ഇ പ്രഖ്യാപിച്ച 10 മില്യൺ മീൽസ് കാമ്പയിനിൽ ഫുഡ് ബാങ്ക് 28 ലക്ഷം ഭക്ഷണപ്പൊതികളും 100 മില്യൺ മീൽസ് കാമ്പയിനിൽ ഒരുകോടി ഭക്ഷണപ്പൊതികളും കഴിഞ്ഞ വർഷത്തെ വൺ ബില്യൺ മീൽസ് കാമ്പയിനിൽ 25 ലക്ഷം ഭക്ഷണപ്പൊതികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
വരും വർഷങ്ങളിലും നിലവിലെ സംഘടകർ ഉൾപ്പെടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് തുടക്കം മുതൽ 161 ധാരണപത്രങ്ങൾ ഫുഡ് ബാങ്ക് ഒപ്പുവെച്ചിട്ടുണ്ട്. ഒപ്പം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാമ്പയിനുകളും, വർക്ക്ഷോപ്പുകളും ബോധവത്കരണ കാമ്പയിനുളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.