ദുബായ് – നിർദിഷ്ട കോർപറേറ്റ് നികുതി വ്യവസ്ഥയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ ധനമന്ത്രാലയം. പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച മന്ത്രിതല തീരുമാനം ധനമന്ത്രാലയം പുറത്തുവിട്ടത്. ചില പ്രത്യേക സാഹചര്യങ്ങളിൽ നികുതി ഇളവ് വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും നികുതി ഇളവിന് യോഗ്യരാണോ എന്നത് സംബന്ധിച്ച് ഉറപ്പു വരുത്താനും കൂടിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
പാപ്പർ അല്ലെങ്കിൽ അവസാനിപ്പിക്കൽ നടപടി ആരംഭിച്ച് 20 ദിവസത്തിനകം ഫെഡറൽ ടാക്സ് അതോറ്റി (എഫ്.ടി.എ)ക്ക് വിവരം കൈമാറണമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നികുതി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 20 ദിവസത്തിനകം എഫ്.ടി.എക്ക് അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയിൽ നികുതി ഇളവ് വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം. ഇതു പരിശോധിച്ചാണ് കമ്പനി/വ്യക്തികൾ കോർപറേറ്റ് നികുതി ഇളവിന് അർഹരാണോ എന്ന് തീരുമാനിക്കുക. യു.എ.ഇയിലെ വാണിജ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സുതാര്യവും കാര്യക്ഷമവുമായ നികുതി സംവിധാനം ഉറപ്പുവരുത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് ഹാജി അൽ ഖോരി പറഞ്ഞു.