ദുബായ് – കോവിഡ് ഭീതി പൂർണമായി മാറിയ സാഹചര്യത്തിൽ ഗ്ലോബൽ വില്ലേജിന്റെ 27മത് സീസണിന്റെ ആദ്യദിവസത്തിൽ തന്നെ കുട്ടികളും കുടുംബങ്ങളുമായാണ് നിരവധിപേർ എത്തിച്ചേർന്നത്. പുത്തൻ കാഴ്ചകൾ സമ്മാനിച്ചാണ് ഇത്തവണ ആഗോളഗ്രാമം സന്ദർശകരെ സ്വാഗതം ചെയ്തത്.
ഇത്തവണ ഒമാനും ഖത്തറും പുതിയ പവലിയൻ ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്. ഒപ്പം ഇന്ത്യൻ പവലിയനും മോടികൂട്ടിയിട്ടുണ്ട്. മാത്രമല്ല വിവിധ രാജ്യങ്ങളിലെ ടാക്സികൾ, ഏഷ്യൻ രാജ്യങ്ങളിലെ കാഴ്ചകൾ കാണാവുന്ന റോഡ് ഓഫ് ഏഷ്യ എന്നിവയും ഇത്തവണത്തെ പ്രധാന കൗതുകമാണ്.
ആറുമാസത്തിലേറെ നീളുന്ന ഗ്ലോബൽ വില്ലേജ് സീസണിലേക്ക് പ്രവേശനത്തിന് 20 ദിർഹമാണ് ടിക്കറ്റിന് കുറഞ്ഞ നിരക്ക്. ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ വഴിയോ ടിക്കറ്റെടുക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും.
കൊളംബിയയിൽനിന്നുള്ള സംഗീത സംഘത്തിന്റെ ഗംഭീര പ്രകടനത്തോടെയാണ് ആദ്യ ദിവസമായ ചൊവ്വാഴ്ച ആദ്യ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്. ഒപ്പം അതിശയിപ്പിക്കുന്ന വെടിക്കെട്ടും ഒരുക്കിയിരുന്നു.
ഇത്തവണ 3,500 ഷോപ്പിങ് ഔട്ലെറ്റുകൾ, 250ലേറെ ഭക്ഷണശാലകൾ, വിനോദ പരിപാടികൾ എന്നിവയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 90 സംസ്കാരങ്ങൾ പവലിയനുകൾ പരിചയപ്പെടുത്തുന്നുണ്ട്. ഇവക്കെല്ലാം പുറമെ നിരവധി ആകർഷണങ്ങളും, സർപ്രൈസുകളുമാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഇവിടെ എത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. ഇത്തവണ കഴിഞ്ഞ വർഷത്തെ മറികടക്കുംവിധം അതിഥികളെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബായുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഗ്ലോബൽ വില്ലേജ് സീസൺ.