ഷാർജ – അറബുമേഖലയിലെ തന്നെ സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും എന്നും മുൻതൂക്കം നൽകുന്ന ഷാർജയിൽ, ഷാർജ പൊലീസിലെ കേണൽ മോന സുരൂർ അൽ ഷുവൈഹി 2023 അന്താരാഷ്ര വനിതാ ദിനത്തിൽ സേനയുടെ ‘സന്തോഷത്തിന്റെ അംബാസഡർ’ എന്ന പദവി സ്വന്തമാക്കി. മൂന്ന് മക്കളുടെ അമ്മയായ അൽ ഷുവൈഹി 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിലാണ് ഈ നേട്ട
സ്വന്തമാക്കിയിരിക്കുന്നത്. 1991ൽ യു.എ.ഇ സർവകലാശാലയിൽനിന്ന് ബയോളജിയിൽ ബിരുദം നേടിയശേഷം സെക്കൻഡ് ലെഫ്റ്റനൻറായി സേനയിൽ ചേർന്നു. പ്രത്യേക സൈനിക പരിശീലനം പാസായശേഷം ആദ്യമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിലും ഫോറൻസിക് ലാബിലും ജോലിയിൽ പ്രവേശിച്ചു. അവിടെ വിദഗ്ധസഹായിയായി ആറുവർഷം ജോലിചെയ്തു.
പിന്നീട് 1997ൽ സേനയിലെ തന്നെ ശിക്ഷാ പുനരധിവാസ സ്ഥാപനങ്ങളുടെ വകുപ്പിലേക്ക് മാറി. രണ്ടുവർഷത്തിനുശേഷം 1999ൽ വനിത ജയിൽ ബ്രാഞ്ചിൻറെ ഡയറക്ടറായി നിയമിതയായി. അക്കാലത്ത് ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിത ഓഫിസറായിരുന്നു അൽ ഷുവൈഹി. 2019ൽ സോഷ്യൽ സപ്പോർട്ട് ഡിപ്പാർട്മെൻറ് ഡയറക്ടറായും നിയമിതയായി. സംസ്ഥാന ജയിലുകളിൽ പെട്ടെന്നുള്ള ഇടപെടലുകൾക്കായി വനിത സേനയെ ആദ്യമായി വളർത്തിയെടുത്തത് അൽ ഷുവൈഹിയാണ്. തടവുകാരുടെ ക്വാളിറ്റി ഓഫ് ലൈഫ് ടീമിൻറെ മേധാവി കൂടിയാണ് അവർ. ഇമാറാത്തി സ്ത്രീകളുടെ ആധികാരികതയുടെയും അറബ് മൂല്യങ്ങളുടെയും ഏറ്റവും വലിയ തെളിവാണ് ഓഫിസർ എന്ന നിലയിൽ ഷുവൈഹിയുടെ യാത്ര.
അന്തേവാസികളുടെ കുട്ടികളെ പരിപാലിക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ പ്രോജക്ടായ ‘ദാർ അൽ അമൻ’ സ്ഥാപിച്ചതും അൽ ഷുവൈഹിയാണ്. ഒപ്പം തന്റെ 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്നും മറ്റുമായി 15 അവാർഡുകളും സ്വന്തമാക്കി. ഒരു മാതാവെന്ന നിലയിലും സ്ത്രീ എന്ന നിലയിലും കേണൽ അൽ ഷുവൈഹി വെല്ലുവിളികളെ മറികടന്ന് യു.എ.ഇയുടെ അഭിമാനമായി മാറിയിരിക്കുന്നു.