ദുബായ് – ദുബായ് എയർപോർട്ടുകളിൽ പുതിയ ബയോമെട്രിക് സംവിധാനം നിലവിൽ വരുന്നതോടെ തിരിച്ചറിയൽ രേഖയായി ഇനിമുതൽ മുഖം മാത്രം മതി. മുഖവും കണ്ണും സ്കാൻ ചെയ്യുന്നതോടെ വ്യക്തികളുടെ സകല വിവരങ്ങളും വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകളിൽ തെളിയും. ഇതോടെ യാത്രക്കാർക്ക് ബോർഡിങ് പാസ് പോലുമില്ലാതെ ഗേറ്റ് കടന്നുപോകാൻ കഴിയും. ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകുന്നവർക്കാണ് സേവനം ലഭിക്കുക.
കഴിഞ്ഞ രണ്ടു വർഷമായി ദുബായ് വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഒരു രേഖയും കൈയിൽ കരുതാതെ യാത്ര സാധ്യമാകുന്നതാണ് യാഥാർഥ്യമാകാൻ പോകുന്നത്. ഇമാറാത്തി പൗരന്മാർക്കും പ്രവാസികൾക്കുമെല്ലാം ഇനിമുതൽ ഈ പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാകും. നിലവിൽ 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം 1.2 കോടി യാത്രക്കാർ ഇത് ഉപയോഗപ്പെടുത്തി. എന്നാൽ ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്.
പുതിയ സംവിധാനം ജി.ഡി.ആർ.എഫ്.എയിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഉപയോഗപ്പെടുത്താൻ കഴിയക. യാത്രക്കാരുടെ സമയം ലാഭിക്കാനും തിരക്കൊഴിവാക്കാനും, പാസ്പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നതും ഇതോടെ ഒഴിവാകും. എന്നാൽ, ചില രാജ്യങ്ങളിൽ പാസ്പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നത് ഇപ്പോഴും നിർബന്ധമാണ്. ഇത്തരക്കാർക്ക് അധികൃതരോട് ആവശ്യപ്പെട്ടാൽ സ്റ്റാമ്പ് ചെയ്ത് കൊടുക്കുകയും ചെയ്യും.