Breaking News Featured Gulf UAE

ഡിസംബർ 31വരെ യു.എ.ഇയിൽ തൊഴിൽ കരാർ മാറാനുള്ള കാലപരിധി നീട്ടിനൽകി

Written by themediatoc

അബുദാബി – യു.എ.ഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി 2023 ഡിസംബർ 31 വരെ നീട്ടി. ഫെബ്രുവരി ഒന്നിനകം മാറ്റണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച അധികൃതർ അറിയിച്ചിരുന്നത്. കുറഞ്ഞ സമയത്തിനകം എല്ലാ കമ്പനിക്കാർക്കും മാറ്റാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാവകാശം നൽകിയതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോൺട്രാക്ട്. അൺലിമിറ്റഡ് കരാറിൽ തുടങ്ങുന്ന തീയതി മാത്രമേ രേഖപ്പെടുത്തൂ. പുതിയ തൊഴിൽ നിയമം അനുസരിച്ച് നിലവിലെ അൺലിമിറ്റ‍ഡ് കോൺട്രാക്ട് ജനുവരി മുതൽ മന്ത്രാലയം അസാധുവാക്കിയിരുന്നു. എന്നാൽ ഇതേ തുടർന്ന് തൊഴിൽ കരാർ മാറ്റാനായി വിവിധ കമ്പനികൾ കൂട്ടത്തോടെ എത്തിയത് എമിഗ്രേഷനിലും ടൈപ്പിങ് സെന്ററിലും തിരക്കിനിടയാക്കി.

ലിമിറ്റഡ് കോൺട്രാക്ട് അനുസരിച്ച് തൊഴിലാളിക്ക് സേവനാന്തര ആനുകൂല്യം കൂടുതൽ ലഭിക്കും. ഇഷ്ടമുള്ള കാലത്തേക്കു കരാറുണ്ടാക്കാം. ഫുൾടൈം, പാർട് ടൈം, മണിക്കൂർ എന്നിവ അടിസ്ഥാനമാക്കി ഇരുവരും ഒപ്പിട്ട കരാർ അനുസരിച്ചായിരിക്കും ജോലി. ഡിസംബർ 31 ആകുമ്പോഴേക്കും മൂന്നിൽ രണ്ടു ഭാഗം പേരുടെയും കരാർ കാലാവധി തീരുമെന്നാണ് അനുമാനം. ഗോൾഡൻ വീസ, ഗ്രീൻ റെസിഡൻസി വീസ, റിമോട്ട് വർക്ക് വീസ, ഫ്രീലാൻസർ വീസ തുടങ്ങി സ്വന്തം സ്പോൺസർഷിപ്പിൽ ഉള്ള വീസക്കാർക്ക് മറ്റു കമ്പനികളുമായി ഹ്രസ്വകാല തൊഴിൽ കരാർ ഉണ്ടാക്കി ജോലി ചെയ്യാം. മണിക്കൂർ അടിസ്ഥാനത്തിൽ ലേബർ കോൺട്രാക്ട് രൂപപ്പെടുത്താമെന്നതാണ് തൊഴിലാളികളുടെ നേട്ടം.

അബുദാബി ഗ്ലോബൽ മാർക്കറ്റ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ എന്നീ ഫ്രീസോണുകളിൽ ഉള്ളവരും ഗാർഹിക തൊഴിലാളികളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ല.

About the author

themediatoc

Leave a Comment