Breaking News Featured Gulf UAE

സാങ്കേതിക തകരാർ: ഷാർജ – കോഴിക്കോട് എയർഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

Written by themediatoc

ഷാ​ർ​ജ – ഷാർജയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രകാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനയാത്ര പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ വിമാനം തിരിച്ചറിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുന്ന വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. രാത്രി 11.45നാണ് ഷാർജയിൽ നിന്നും വിമാനം പറന്നുയർന്നത്.

നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരു മൃതദേഹവും അവരുടെ ബന്ധുക്കളും ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ബന്ധുക്കൾ മരിച്ചിട്ട് പോകുന്നവരും ആയിരുന്നു വിമാനത്തിലെ യാത്രക്കാർ. മാത്രമല്ല അത്യാവശ്യകാര്യങ്ങൾക്കായി ഒന്നും രണ്ടും ദിവസങ്ങൾക്ക് യാത്ര ചെയ്ത് തിരിച്ചുവരേണ്ടവരും നിരവധിയുണ്ട്. എന്നാൽ വിമാനത്തിലെ മൃതദേഹം മറ്റു വിമാനത്തിൽ കയറ്റി വിടാൻ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് അധികൃതർ പറഞ്ഞത്.

തിരിച്ചിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ വിമാനത്താവള ടെർമിനിലേക്ക് മാറ്റി. മഴമൂലം ഗതാഗതം തടസം നേരിടുന്നതിനാൽ പലരും മണിക്കൂറുകൾക്കു മുന്നേ താമസസ്ഥലത്ത് നിന്നും പുറപ്പെട്ടവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. പക്ഷെ നേരം പുലരുംവരെ യാത്രക്കാർക്ക് ഭക്ഷണം നൽകാൻ പോലും എയർ ഇന്ത്യ അധികൃതർ തയാറായില്ല. യാത്രക്കാർ ഹോട്ടലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ അടുത്ത ഹോട്ടലുകളിൽ ഒഴിവില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്.

നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ കോഴിക്കോട് വിമാനത്താവളത്തിൽ റൺവേയിൽ അറ്റകുറ്റപണിക്കായി അടച്ചിടുന്നതിനാൽ ശനിയാഴ്ച ഉച്ചക്ക് ശേഷം മാത്രമേ ഇനി ബദൽ മാർഗം കാണാൻ കഴിയുകയുള്ളൂ. അതിനാൽ യാത്രക്കാർക്ക് 12 മണിക്കൂറിലധികം എയർപോർട്ടിൽ ഇരിക്കേണ്ട അവസ്ഥയാണ് നിലവിൽ.എങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മുഴുവൻ തുകയും തിരികെ നൽകാമെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നുണ്ട്. എന്നാൽ ഈ ദിവസം കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടാൻ വളരെ പ്രയാസമാണ്. ഉയർന്ന ചാർജ് നൽകേണ്ടതായും വരും.

തകരാർ പരിഹരിച്ചതിനു ശേഷം മാത്രമേ വിമാനം പുറപ്പെടുക എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. അതിനാൽ തന്നെ യാത്ര എപ്പോൾ പുറപ്പെടുമെന്ന് തീർത്തു പറയാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ വിമാനത്താവളത്തിനടുത്ത ചില താമസക്കാർക്ക് ടാക്സിക്കുള്ള തുക നൽകാമെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. യാത്ര പുറപ്പെടാനായാൽ അവരെ ഫോണിൽ അറിയിക്കാമെന്നാണ് അധികൃതർ അറിയിച്ചത്.

About the author

themediatoc

Leave a Comment