അബൂദബി – അല്‍ റീം, ഉമ്മു യിഫീന ദ്വീപുകളെ അബൂദബി നഗരത്തിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാലം ‘സൂപ്പര്‍ഹൈവേ’ അബൂദബിയില്‍ അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും എക്സിക്യൂട്ടീവ് ഓഫിസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് രാജ്യത്തിന് സമർപ്പിച്ചു.
നൂതന സാങ്കേതിക വിദ്യ ഉൾകൊള്ളുന്ന നടപ്പാതകളും സൈക്ലിംഗ് പാതകളും അടങ്ങുന്നതാണ് പാലത്തിന്റെ ആറുവരിപ്പാത. ഓരോ ദിശയിലേക്കും മണിക്കൂറില്‍ 6000 യാത്രക്കാര്‍ക്ക് കടന്നുപോകാനാവും. ഇരുദിശകളിലുമായി 12000 പേര്‍ക്കാണ് മണിക്കൂറില്‍ യാത്രചെയ്യാനാവുക. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക് ബൈക്ക് വാടകയ്ക്കെടുക്കാനുള്ള സൗകര്യവും അല്‍ദാറും മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രൂപകല്പന ചെയ്തുകൊണ്ടിരിക്കുന്ന മിഡ്-ഐലന്‍ഡ് പാർക്കോ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഉമ്മു യിഫീന പാലം. അല്‍ റീം ദ്വീപിനെയും സാദിയാത്ത് ദ്വീപിനെയും അല്‍ റാഹ ബീച്ചിനെയും ഖലീഫ സിറ്റിയെയും പുതിയ പാലം ബന്ധിപ്പിക്കും. സൈക്കിള്‍ ട്രാക്കുകള്‍, നടപ്പാതകള്‍ എന്നിവയും അബൂദബിയുടെ ആകാശക്കാഴ്ചകളും സുസ്ഥിര പ്രകൃതി ദൃശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന 2028 ഓടെ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന വലിയ പദ്ധതിയാണിത്.
നിലവില്‍ അബൂദബി നഗരത്തിന്റെ കിഴക്ക് ഭാഗത്തെ അല്‍ റീം, അല്‍ മരിയ, ഉമ്മു യിഫീന ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന അഞ്ച് പാലങ്ങളുണ്ട്. സാദിയാത്ത് ദ്വീപ്, ജുബൈല്‍ ദ്വീപ്, യാസ് ദ്വീപ് എന്നിവക്കു പുറമേ നഗരത്തോട് ചേര്‍ന്ന ദ്വീപുകളാണിവ. ഉദ്ഘാടനച്ചടങ്ങിൽ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദിനൊപ്പം ഡി.എം.ടി ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ, അബൂദബി സാംസ്കാരിക-ടൂറിസം വകുപ്പ് ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക്, അൽദാർ ഗ്രൂപ് സെക്രട്ടറി ജനറൽ സെയ്ഫ് സീദ് ഗൊബാഷ്, അല്‍ദാര്‍ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ തലാല്‍ അല്‍ ദിയേബി എന്നിവര്‍ പങ്കെടുത്തു.
എമിറേറ്റിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സാധ്യമായ മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനും സാമൂഹികക്ഷേമം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാവുന്നതില്‍ അഭിമാനമുണ്ടൈന്ന് ഡി.എം.ടി ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ കൂട്ടിച്ചേർത്തു.