ദുബായ്: എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളിലെ വേഗപരിധി ഉയർത്തിയതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. അല്‍ അമര്‍ദി സ്ട്രീറ്റിൻ്റേയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിൻ്റേയും ചില ഭാഗങ്ങളിലാണ് വേഗപരിധി ഉയര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 മുതലാണ് വേഗപരിധിയിലെ മാറ്റം നിലവില്‍ വരിക.
ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബായ് അല്‍ ഐന്‍ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയില്‍ മണിക്കൂറില്‍ 100 കിലോമീറ്ററായി ഉയര്‍ത്തും. അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അല്‍ ഖവാനീജ് സ്ട്രീറ്റിനും ഇടയിലെ പരമാവധി വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്ററായി ഉയര്‍ത്തും. അല്‍ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനുമിടിയിലുള്ള അല്‍ അമര്‍ദി സ്ട്രീറ്റിലെ വേഗപരിധി 90 കിലോ മീറ്ററുമായാണ് ക്രമീകരിക്കുന്നത്.
ഈ ഭാഗങ്ങളിലെ ട്രാഫിക് അടയാളങ്ങളിലും റോഡ് അടയാളങ്ങളിലും പുതിയ വേഗപരിധി പ്രദർശിപ്പിക്കും. ഈ റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.