അബുദാബി – യു.എ.ഇ.യിൽ ദുർമന്ത്രവാദത്തിൽ ഏർപെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിറക്കി.
ഇത്തരം ചൂഷണം നടത്തുന്നവർക്ക് ഫെഡറൽ നിയമപ്രകാരം 50,000 ദിർഹമിൽ കുറയാത്ത പിഴയും തടവും ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അധികൃതർ വ്യക്തമാക്കി. ഈ നിയമവ്യവസ്ഥ രാജ്യത്ത് താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമായതുമാണ്.
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മറ്റു മാർഗങ്ങളിലൂടെയും മറ്റൊരു വ്യക്തിയുടെ ശരീരം, ഹൃദയം, മനസ്സ് അല്ലെങ്കിൽ ഇഷ്ടം എന്നിവയെ സ്വാധീനിക്കാൻ ഉദ്ദേശിച്ച് നടത്തുന്നതും അല്ലാത്തതുമായ എല്ലാത്തരത്തിലുള്ള മന്ത്രവാദങ്ങളും ആഭിചാരക്രിയകളും ക്രിമിനൽ കുറ്റങ്ങളെന്ന നിലയിൽ നടപടിക്ക് വിധേയമാകുന്നതാണ്. ഒപ്പം ഇത്തരം പ്രവർത്തികളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, വസ്തുക്കളും കൈവശംവെക്കുന്നതും കൈമാറുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്.