റിയാദ്: അബഹയിലെ തെരുവുകൾക്കിപ്പോൾ ജക്രാന്തയുടെ മണവും, തണലും, വശ്യചാരുതയുആണുള്ളത്. തെക്കേ അമേരിക്കയിൽനിന്നും മുളച്ചുയർന്ന ‘ജക്രാന്ത മിമോസിഫോളിയ’ക്ക് (Jacaranda) നീലവാകയെന്ന വിളിപ്പേരുകൂടിയുണ്ട്. അബഹയിൽ നീലവാകയുടെ പർപ്പിൾ വസന്തംമെത്തിയാൽ ജക്രാന്തയെ കാണാനും, ചാറ്റൽ മഴയിൽ നിലവും മരവും തിളങ്ങുന്ന പ്രകൃതിവർണാഭമാക്കിയ ലാൻഡ്സ്കേപ്പ് കാമറയിൽ ഒപ്പാനും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആസ്വാദകരേറെയാണ് ഒഴുകിയെത്തുക. ഈകാലയളവിൽ റിയാദ്, ദമ്മാം, ജിദ്ദ തുടങ്ങി സൗദിയിലെ പ്രധാന നാഗരങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നും ഉൾഗ്രാമങ്ങളിൽനിന്നും അവധിക്കാലം ആഘോഷിക്കാൻ ആദ്യത്തെ തിരഞ്ഞെടുപ്പ് അബഹയാണ്. ജൂൺ മൂന്നാം വാരമെത്തുന്ന ബലിപെരുന്നാൾ അവധിക്ക് മലയാളികളുൾപ്പടെ നിരവധി പേരാണ് അബഹയിലേക്കു ഒഴുകിയെത്തുവാൻ സജ്ജരായിട്ടുള്ളത്. അതിലേറെ പേറും കുടുംബമായി വരുന്നവരാണ്.
മുൻകൂട്ടി ടിക്കെറ്റെടുക്കുന്നവർക്ക് ആഭ്യന്തര വിമാനക്കമ്പനികളുടെ ഓഫറിൽ 250 റിയാലിന് വരെ പോയി വരാനുള്ള ടിക്കറ്റുകളും ലഭ്യമാണ്. അടുത്തമാസത്തോടെ റിയാദ് ഉൾപ്പടെയുള്ള സൗദിയുടെ വിവിധ പ്രവശ്യകൾ ചൂട് കനത്ത് പൊള്ളിത്തുടങ്ങും. ഈ സമയത്തെ ഒരു ആശ്വാസ കേന്ദ്രം കൂടിയാണ് അബഹയിലേക്കുള്ള യാത്ര. ആയിരത്തിലേറെ കിലോമീറ്റർ താണ്ടി അബഹയിലെത്താൻ റിയാദിൽനിന്ന് റോഡ് മാർഗവും, വിമാനത്തിലും യാത്ര തിരിക്കുന്നവരുണ്ട്. അബഹ ഉൾപ്പെടുന്ന അസീർ മേഖലയിൽ 15,000ത്തിലധികം നീലവാക മരങ്ങളുണ്ട്. അവയിൽ ചിലത് 18 മീറ്റർ വരെ ഉയരത്തിൽ വളരും. 20 മീറ്റർ ഉയരം വരെയാണ് നീലവാകയുടെ പരമാവധി വളർച്ച. ഏകദേശം 45 ഇനം മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്ന ജക്രാന്ത കുടുംബത്തിലെ ഏറ്റവും സുന്ദരിയാണ് നീലവാക. ഡിസംബറിലെ തണുപ്പിൽ ഇലകൾ പൊഴിക്കുന്ന ജക്രാന്ത മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂക്കുക പിന്നെ ജൂൺ മാസം വരെ നീലവാകയുടെ യൗവനകാലമാണ്. അബഹ നഗരത്തിലെ പൂന്തോട്ടങ്ങളെയും തെരുവുകളെയും വർണാഭമാക്കിയും സുഗന്ധം പരത്തിയും ആകർഷകമാക്കുന്ന ജക്രാന്തയാണ് ഈ പൂക്കളുടെ തേനിന്നായി കാത്തിരിക്കുന്ന മറ്റൊരു കൂട്ടരാണ് അബഹയിലെ തേനീച്ചകൾ.