ദുബായ്: യു.എ.ഇ യിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ ആയിരത്തിലേറെ കിലോ മീറ്റർ യാത്ര നടത്തി ഇന്ത്യയിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ടംഗ ബൈക്ക് റൈഡർമാരുടെ സംഘം. ഇവരിൽ നാല് പേർ വനിതകളാണ്. കഴിഞ്ഞ മാസം 31 ന് തുടങ്ങിയ ബൈക്ക് ടൂര്‍ ചൊവാഴ്ചയാണ് സമാപിച്ചത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലെയും പ്രധാന കേന്ദ്രങ്ങളിലൂടെയും സംഘം സഞ്ചരിച്ചു. മോട്ടോര്‍ സ്‌പോര്‍ട് അത്‌ലറ്റും എറണാകളും സ്വദേശിയുമായ മുഹമ്മദ് ഇര്‍ഫാന്‍, സിംഗിൾ വീല്‍ സൈക്കിള്‍ 5000 കിലോമീറ്റര്‍ ഓടിച്ച് ശ്രദ്ധേയനായ കണ്ണൂർ സ്വദേശി സനീദ്, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബൈക്ക് റൈഡ് നടത്തിയ മല്ലു റൈഡര്‍ എന്നറിയപ്പെടുന്ന അശ്വതി ഉണ്ണികൃഷ്ണന്‍, ഭർത്താവ് വരുണ്‍, സോളോ ബൈക്ക് റൈഡിലൂടെ ശ്രദ്ധേയയായ അസം സ്വദേശിനി പ്രിയ ഗൊഗോയി, ഓട്ടോ മൊബൈൽ കണ്ടന്‍റ് ക്രിയേറ്ററായ ജയ്പൂര്‍ സ്വദേശിനി ആശ്ലേഷ എന്നിവരും വൈപര്‍ പൈലറ്റ്, ലൂണ വാനിലെ എന്നീ ഇന്‍സ്റ്റഗ്രാം പേരുകളില്‍ അറിയപ്പെടുന്ന ദമ്പതികളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പാര്‍ട്ണറായ റൈഡ് ഓണിന്‍റെ നേതൃത്വത്തിൽ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് ബൈക്ക് ടൂര്‍ സംഘടിപ്പിച്ചത്. നടിയും മോഡലുമായ സ്‌നേഹ മാത്യുവും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അലീന ജോസാണ് യുഎഇയിലെ സഞ്ചാരം ഏകോപിപ്പിച്ചത്. കേരളത്തിൽ ബൈക്ക് റൈഡർമാർക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും യു.എ.ഇ യിലെ യാത്രക്ക് നല്ല പിന്തുണ ലഭിച്ചുവെന്നും സംഘാംഗങ്ങൾ ദുബായിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
![](https://www.themediatoc.com/wp-content/uploads/2025/02/bik-1024x576.jpg)
കേരളത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ക്രിമിനലുകളായാണ് മുൻപ് പൊതുജനം കണ്ടിരുന്നതെന്നും ഇപ്പോൾ അത്തരം മനോഭാവത്തിൽ മാറ്റം വന്നുതുടങ്ങിയിട്ടുണ്ടെന്നും മോട്ടോര്‍ സ്‌പോര്‍ട് അത്‌ലറ്റും എറണാകളും സ്വദേശിയുമായ മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു. ബൈക്ക് റൈഡിങ്ങ് ഇപ്പോൾ നിരവധി സാധ്യതകളുള്ള ഒരു തൊഴിൽ മേഖലയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേതിനേക്കാൾ പിന്തുണ പുറമെ നിന്നാണ് ലഭിച്ചിട്ടുള്ളതെന്ന് സിംഗിൾ വീല്‍ സൈക്കിള്‍ 5000 കിലോമീറ്റര്‍ ഓടിച്ച് ശ്രദ്ധേയനായ കണ്ണൂർ സ്വദേശി സനീദ് അഭിപ്രായപ്പെട്ടു. വനിതാ ബൈക്ക് റൈഡർമാർക്ക് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് മികച്ച പിന്തുണയും സഹായവുമാണ് ലഭിക്കുന്നതെന്ന് അശ്വതി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ശുചി മുറികളുടെ അഭാവമാണ് സ്ത്രീ റൈഡർമാർ നേരിടുന്ന പ്രധാന പ്രശ്നമെന്നും അവർ പറഞ്ഞു. യു.എ.ഇ യിലെ ഗതാഗത നിയമങ്ങളെക്കുറിച്ച് ശരിയായ അവബോധം നൽകിയ ശേഷമാണ് ബൈക്ക് ടൂർ സംഘടിപ്പിച്ചതെന്നും ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ നടത്തുമെന്നും ടൂർ ഇൻ ചാർജ് അലീന ജോസ് അറിയിച്ചു.