റിയാദ് – ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് മരണം. ഒരാൾക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിെൻറ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്), രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ (നാല് വയസ്) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ് അപകടനില തരണം ചെയ്തിട്ടില്ല.
അടുത്ത സുഹൃത്തുക്കളായ അഹ്മദ് അബ്ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലാണ് ജോലി ചെയ്യുന്നത്. ഇരുവരും സകുടുംബം റിയാദിലെ സുവൈദി ഡിസ്ട്രിക്റ്റിലാണ് താമസിക്കുന്നത്. അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിക്കുന്നതും. ഒരു കാറിലാണ് ഇരുകുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെ മക്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ യാത്ര തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അപകടമുണ്ടായി. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, മകൻ അമ്മാർ അഹ്മദ് എന്നിവരുമുണ്ടായിരുന്നു. അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും.