ദുബായ് – എമിറേറ്റ്സ് എയർലൈൻ സംഘടിപ്പിക്കുന്ന 15മത് സാഹിത്യോത്സവം ഫെബ്രുവരി ഒന്നുമുതൽ ആറുവരെ നടക്കും. ദുബൈ ക്രീക്കിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഫെസ്റ്റിവൽ സിറ്റിയിലും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുമാണ് പരിപാടിക്ക് വേദിയാവുക.
ലോകത്തെ വ്യത്യസ്തതകളുള്ള അതിഥിപട്ടികയാണ് സാഹിത്യോത്സവത്തിന് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി. 50 രാജ്യങ്ങളിൽനിന്ന് ഇത്തവണ അതിഥികളെത്തുന്നുണ്ട്. എമ്മി അവാർഡ് ജേതാവ് ബ്രിയൻ കോക്സ്, സെസേലിയ അഹേർൺ, മുഹ്സിൻ ഹാമിദ് അലക്സാണ്ടർ മക്കൽ സമിത്ത് തുടങ്ങിയ പ്രമുഖർ അന്തരാഷ്ട്രതലത്തിൽനിന്ന് പങ്കെടുക്കും. എം. മുകുന്ദനും ശശി തരൂരുമടക്കം പ്രമുഖർ മലയാളത്തിൽനിന്ന് സാഹിത്യോത്സവത്തിൽ എത്തിച്ചേരുന്നുണ്ട്. മികച്ച സാഹിത്യപ്രതിഭകളെ അണിനിരത്തി ഫെസ്റ്റിവെൽ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും 1700 എഴുത്തുകാരെ ഇതിനകം ദുബൈയിലെത്തിക്കാൻ മുൻകാല പരിപാടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും പരിപാടിയുടെ ഡയറക്ടർ അഹ്ലാം ബുലൂകി പറഞ്ഞു.
25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വിൽപന ആരംഭിച്ചതായും ആദ്യം വാങ്ങുന്ന ടിക്കറ്റുകൾക്ക് 15 ശതമാനം ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്ന് മാധ്യമ പ്രവർത്തക ബർഖ ദത്ത്, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ദീപിക ഷെട്ടി, ഫറാ അലി, ഗീതാഞ്ജലി ശ്രീ, കൗശൽ, മനു പിള്ള, പിയൂഷ് പാണ്ഡെ, രഞ്ജൻ ചാറ്റർജി, സന്തോഷ് ജോർജ് കുളങ്ങര, സുധ മൂർത്തി എന്നിവരും പരിപാടിക്ക് ഇത്തവണ എത്തിച്ചേരുന്നുണ്ട്.