ദുബായ് – 500 ട്രക്കുകളെ ഉൾക്കൊള്ളുന്ന 2,26,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള സൗകര്യമൊരുക്കി ട്രക്കുകൾക്ക് വിശ്രമിക്കാൻ ഇനി ദുബൈയിൽ ഹൈടെക് സൗകര്യം നടപ്പിലാക്കുന്നു. അഡ്നോക്ക്, അൽ മുത്തകാമില എന്നി സ്വകാര്യമേഖലയുമായി കൈകോർത്താണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഇത്തരം ഒരു പദ്ധതിക്ക് ഒരുങ്ങുന്നത്. ഏതു പ്രകാരം മൂന്ന് വൻ വിശാല വിശ്രമകേന്ദ്രങ്ങളാണ്നി ർമിക്കുക.
ദുബായ് ജബൽ അലി ഫ്രീ സോണിനും ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും സമീപത്തായി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ദുബൈ ഇൻഡസ്ട്രിയൽ സിറ്റിക്ക് സമീപവുമാണ് അൽ മുതകാമില കേന്ദ്രങ്ങൾ നിർമിക്കുക. ഒപ്പം എമിറേറ്റ്സ് റോഡിൽ അൽ തയ്യ് റേസ്ട്രാക്കിന് സമീപത്താണ് അഡ്നോക് ട്രക്ക് റെസ്റ്റ് സ്റ്റോപ് നിർമിക്കുക.
ഡ്രൈവർമാരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഈ കേന്ദ്രങ്ങളിൽ ഡ്രൈവർമാർക്ക് താമസ സൗകര്യം, അറ്റകുറ്റപ്പണികൾക്ക് വർക്ഷോപ്, റസ്റ്റാറന്റുകൾ, അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, പ്രാർഥനാമുറികൾ, ഡ്രൈവർമാർക്ക് പരിശീലനകേന്ദ്രം, ക്ലിനിക്ക്, ഫാർമസി, എക്സ്ചേഞ്ച് ഷോപ്പുകൾ, ലോൺട്രി എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ആർ.ടി.എ പദ്ധതിവഴി നടപ്പിലാക്കുന്നത്. ദിവസേന നൂറുകണക്കിന് ട്രക്കുകൾ കടന്നുപോകുന്ന സുപ്രധാന റോഡുകളുടെ സമീപത്തായാണ് സൗകര്യം നിർമിക്കുക. കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും അന്താരാഷ്ട്ര നിലവാരത്തിലെ സംവിധാനങ്ങളാണ് സജ്ജമാക്കുക.
വിശ്രമകേന്ദ്രങ്ങൾ ഡ്രൈവർമാർക്ക് ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമൊരുക്കാനാണെന്നും ഇക്കാര്യത്തിൽ സ്വകാര്യമേഖലയുമായി സഹകരിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയൻമാൻ മത്വാർ അൽ തായർ പറഞ്ഞു. ഒപ്പം ദുബായിലേക്കുള്ള ട്രക്ക് സേവനങ്ങളെ വിശദമായി പഠിച്ചശേഷമാണ് കേന്ദ്രങ്ങൾ നിർമിക്കുന്ന സ്ഥലങ്ങൾ നിർണയിച്ചതെന്നും കരമാർഗമുള്ള ചരക്കുകടത്തിന് കൂടുതൽ സഹായമായി കേന്ദ്രങ്ങൾ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതി പ്രകാരം അബൂദബി നാഷനൽ ഓയിൽ കമ്പനിയായ അഡ്നോക്കിന് ഒരു കേന്ദ്രം നിർമിക്കാനുള്ള കരാറും വാഹനപരിശോധന, രജിസ്ട്രേഷൻ വിഭാഗമായ അൽ മുതകാമിലക്ക് രണ്ട് കരാറുകളുമാണ് നൽകിയത്. ട്രക്കുകൾക്ക് പുറമെ, ഭാരമേറിയ മറ്റു വാഹനങ്ങൾക്കും കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കും. ട്രക്കുകൾ റോഡരികിലും താമസസ്ഥലങ്ങൾക്ക് സമീപത്തും നിർത്തിയിടുന്നതിന്റെ പ്രയാസം ഇല്ലാതാക്കാനും, ഓരോദിവസവും ആയിരക്കണക്കിന് ട്രക്കുകൾ വഴി ചരക്ക് കടത്തുകൾ നടക്കുന്ന ദുബൈയിൽ ഇത് വളരെയധികം ഉപകാരപ്പെടുത്താനും ഇതിന്റെ നിർമാണം സഹായിക്കും.
ഇതാദ്യമായാണ് ദുബായിൽ ഇത്തരത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ട്രക്കുകൾക്കായി വിശാലമായ വിശ്രമകേന്ദ്ര പദ്ധതി നടപ്പിലാക്കുവാൻ ഒരുങ്ങുന്നത്.