ദുബായ്: കനത്ത മഴക്ക് ശേഷം വെള്ളക്കെട്ടുകളിലും മറ്റും കൊതുകുകളും അണുക്കളും പെരുകുന്നത് ഒഴിവാക്കാൻ നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി. കീടനാശിനികൾ ഉപയോഗിച്ച് പാർക്കുകൾ, മാർക്കറ്റുകൾ, ഡ്രെയിനേജ് ഏരിയകൾ, ജലാശയങ്ങൾ, റസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക മേഖലകൾ പോലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്.കൊതുകുകളുടെ വർധന തടയുന്നതിന് താമസക്കാർക്കിടയിൽ അവബോധം പകരുന്നതിനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്പ്രേ, സ്മോക്ക് കീടനാശിനികൾ എന്നിവക്കൊപ്പം ബാക്ടീരിയ കാപ്സ്യൂളുകളും ഉപയോഗിക്കുന്നുണ്ട്. കൊതുക് ഭീഷണി ചെറുക്കാനായി 511 ലിറ്റർ ദ്രവ കീടനാശിനികളും 391 കിലോഗ്രാം ഖര കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. അതേസമയം, താമസക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യംവെച്ച് പരിസ്ഥിതി സൗഹൃദ കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്.കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി സജീവമാക്കിയതായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.