ദുബായ് – ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബായ് ലോക മാരത്തൺ ഞായറാഴ്ച എക്സ്പോ സിറ്റിയിൽ തുടക്കം കുറിച്ചു. 10,000 ലേറെ പേരാണ് മാരത്തണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിന്നത്. നേരത്തെ ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, എക്സ്പോ സിറ്റിയിലെ സ്ഥല സൗകര്യങ്ങൾ കണക്കിലെടുത്ത് സംഘാടകരായ ദുബായ് സ്പോർട്സ് കൗൺസിൽ മൽസരം ഇവിടേക്ക് മാറ്റുകയായിരുന്നു.
ദുബായിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം പങ്കെടുക്കുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുന്നത്. മെയിൻ റേസ് 42.195 കിലോമീറ്ററായിരിക്കും. ഇതായിരിക്കും ചാമ്പ്യൻമാരെ നിർണയിക്കുന്നത്. ഇതിന് പുറമെ 10 കിലോമീറ്റർ, നാല് കിലോമീറ്റർ റേസുകളും അരങ്ങേറുന്നുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായാണ് നാല് കിലോമീറ്റർ റേസ്. ദുബായ് സ്പോർട്സ് കൗൺസിലിന് പുറമെ ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി, ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽ അമീൻ സർവീസ്, എമിറേറ്റ്സ് അസോസിയേഷൻ ഫോർ കെയർ ആൻഡ് കൈൻഡ്നെസ് ഓഫ് പേരൻറ്സ് തുടങ്ങിയവരും മാരത്തണിന്റെ സംഘാടനത്തിൽ ഭാഗമാണ്.