ദുബായ് – ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയിൽ ഒന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന് (ജൈടെക്സ്) 42മത് എഡിഷന് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം കുറിക്കും. ‘എന്റർ ദി നെക്സ്റ്റ് ഡിജിറ്റൽ യൂനിവേഴ്സ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ജൈടെക്സ് അരങ്ങേറുക. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി നടക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഏരിയ ഇക്കുറി കൂടുതലുണ്ട്. ഒക്ടോബർ 10 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ 90ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 5000ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുണ്ട്. പ്രദർശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്സിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഓഗ്മന്റ് റിയാലിറ്റി, റിമോട്ട് വർക്ക് ആപ്, ഡിജിറ്റൽ എക്കോണമി,ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, കോഡിങ് തുടങ്ങിയവയെല്ലാം ചർച്ചാ വിഷയമാകുകയും ഇവയുടെ സാധ്യതകൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഒപ്പം ഏറ്റവും പുതിയ ട്രെൻഡായ മെറ്റാവേഴ്സിനെ കുറിച്ച് അറിയാനും പഠിക്കാനും നടപ്പാക്കാനും പകർത്താനും ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമായിരിക്കും ജൈടെക്സ്. 170 രാജ്യങ്ങളിലെ ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ 17 സമ്മേളനങ്ങള്‍, 800ഓളം പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്പശാലകള് എന്നിവ അരങ്ങേറും. ഒപ്പം വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും നേതാക്കളും എത്തും.
ചൈനീസ് കമ്പനിയായ ഇവിടോൾ അവതരിപ്പിക്കുന്ന ‘ഭാവിയുടെ വാഹനം’ എന്നറിയപ്പെടുന്ന പറക്കും കാറാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് . ദുബൈയിൽ ഇത്തരം കാറുകൾക്കും വിമാനങ്ങൾക്കും മാത്രമായി വിമാനത്താവളം നിർമിക്കാൻ പദ്ധതിയുണ്ട്. യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കാറുകൾക്ക് പുറമെ ഓൺലൈൻ ഡെലിവറി വസ്തുക്കളും ഇത്തരം വാഹനങ്ങൾ വഴി എത്തിക്കാനും പദ്ധതിയുണ്ട്.
ചൈനീസ് ടെക് കമ്പനിയായ എക്സ് പെങ്ങും ഇ.വി മാനുഫാക്ചററു ചേർന്നാണ് ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ പിന്തുണയോടെ പറക്കും കാർ വികസിപ്പിച്ചത്. കുത്തനെ പറന്നുയരാനും താഴാനും ഇ കാറിന് കഴിയും. സ്വയം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. അതിനാൽ ഡ്രൈവറുടെ ആവശ്യമില്ല. നൂതന ഫ്ലൈറ്റ് കൺട്രോൾ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇലക്ട്രിക കാറാണിത്.
സന്ദർശകർക്കു 220 മുതലാണ് ടിക്കറ്റ് നിരക്ക്. gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുത്ത് പ്രവേശിക്കാം.