ദുബായ് – ഈ വർഷം ജനുവരി മുതൽ വിദേശത്തുനിന്ന് വാങ്ങുന്ന 300 ദിർഹമിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾക്ക് ഏർപ്പെടുത്തിയ കസ്റ്റംസ് നികുതി ചുമത്താനുള്ള തീരുമാനം ദുബായ് കസ്റ്റംസ് അധികൃതർ പിൻവലിച്ചു. ഇ-മെയിൽ വഴിയാണ് ഇക്കാര്യത്തിൽ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം മാർച്ച് ഒന്നുമുതൽ പഴയ രീതിയനുസരിച്ച് 1000 ദിർഹമിൽ കൂടുതലുള്ളവക്ക് മാത്രമേ നികുതി ഈടാക്കൂവെന്നാണ് അറിയിച്ചത്.നിലവിൽ ചരക്കുകളുടെ അഞ്ചുശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നത്. ഇതുവഴി അന്തർദേശീയമായി ഷോപ്പിങ് നടത്തുന്നവർ അഞ്ചുശതമാനം ഇറക്കുമതി കസ്റ്റംസ് തീരുവയും അഞ്ചുശതമാനം മൂല്യവർധിത നികുതിയും നൽകണമായിരുന്നു. പഴയ രീതിയിലേക്ക് മാറിയതോടെ കുറഞ്ഞ വിലയുള്ള സാധനങ്ങൾ കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാനാകും.
എന്നാൽ പുതുക്കിയ നിയമം പുകയില, പുകയില ഉൽപന്നങ്ങൾ, ഇ-സിഗരറ്റുകൾ തുടങ്ങിയവക്ക് ഉയർത്തിരുന്ന തീരുവ അതെപ്രകാരം തുടരും. 2017ലാണ് യു.എ.ഇ കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പുകയില, പുകയില ഉൽപന്നങ്ങൾ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്കും മറ്റും എക്സൈസ് നികുതി ഏർപ്പെടുത്തിയിരുന്നത്.