ദുബായ് – ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതിന് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സെൽഫ് ഡ്രൈവിംഗ് ടെക്നോളജി കമ്പനിയായ ക്രൂസും, ജുമൈറ-1 ഏരിയയിൽ അഞ്ച് ഷെവി ബോൾട്ട് അധിഷ്ഠിത സ്വയംഭരണ വാഹനങ്ങൾ ഉപയോഗിച്ച് ദുബായിലെ ട്രാഫിക് സിഗ്നലുകൾ, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവയ്ക്കായുള്ള ഡാറ്റ ശേഖരണവും ടെസ്റ്റിംഗ് സാങ്കേതികവിദ്യയും ആരംഭിച്ചു.
‘ക്രൂസി’ന്റെ വാഹനങ്ങൾ ദുബായ് ട്രാഫിക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സ്വയം നിയന്ത്രിത ഡ്രൈവിങ് സംവിധാനങ്ങളാണോ എന്ന് ഉറപ്പാക്കുകയാന്നതോടൊപ്പം നിർമിതബുദ്ധി ഉപയോഗപ്പെടുത്തി സ്മാർട്ട് മൊബിലിറ്റിയിലും നൂതന സാങ്കേതികവിദ്യയിലും മികവുപുലർത്തുന്നതിലെ നിർണായക ഘട്ട പരീക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബഹ്റൂസിയൻ പറഞ്ഞ. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സേവനങ്ങൾ ലഭിക്കുന്ന നഗരം എന്ന നിലയിലേക്ക് ദുബായിയെ മാറ്റിയെടുക്കുന്നതിനോടൊപ്പം സെൽഫ് ഡ്രൈവിങ് ഗതാഗതരംഗത്ത് മികവ് തെളിയിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
2030ഓടെ 4000 ഓട്ടോണമസ് വാഹനങ്ങൾ പുറത്തിറക്കുന്നതോടുകൂടി ദുബായിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും വാഹനാപകടങ്ങളുടെ എണ്ണം കുറക്കുകയും ദോഷകരമായ മലിനീകരണം കുറക്കുകയും ചെയ്യാൻ സാധിക്കുമെന്നും, ഇതോടെ ക്രൂസ് സെൽഫ്-ഡ്രൈവിങ് കാറുകൾ വാണിജ്യവത്കരിക്കുന്ന ആദ്യത്തെ യു.എസ് ഇതര നഗരമായി ദുബായിക്ക് മാറാൻ കഴിയും എന്നതുമാണ് മുന്നോട്ടുള്ള ലക്ഷ്യമെന്നും അധികൃതർ വാർത്ത കുറിപ്പിൽ വ്യകതമാക്കി.