കൊച്ചി – സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറ് വരെ ജോലിയിൽ നിന്ന് മാറിനിന്നാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐ സി യു എന്നിവയുടെ പ്രവർത്തനം തടസപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ എം എ) അറിയിച്ചു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന കെ ബി ഗണേഷ് കുമാർ എം എൽ എയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ എം എ അറിയിച്ചു.
ഫാത്തിമ ആശുപത്രിയിലെ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എം എൽ എ പി ടി എ റഹീം ആരോഗ്യമന്ത്രിയ്ക്ക് കത്ത് നൽകി. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിയ്ക്ക് മുന്നിൽ സമരം നടത്തിയിരുന്നു.