Breaking News Featured Gulf UAE

3 വർഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 ഷോറൂമുകൾ ഉൾപ്പെടെ 100 കോടി ദിര്‍ഹം സമാഹരിക്കാനൊരുങ്ങി ഭീമ ജ്വല്ലേഴ്‌സ്

Written by themediatoc

ദുബായ്: ഗള്‍ഫ് മേഖലയിലെ വികസന പദ്ധതികൾക്കായി 100 കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപം സ്വീകരിക്കാൻ തീരുമാനിച്ചതായി ഭീമ ജ്വല്ലേഴ്‌സ് മാനേജ്മെന്‍റ് അറിയിച്ചു. വിദേശ സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപകരില്‍ നിന്നുമാണ് തുക സമാഹരിക്കുകയെന്ന് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുന്ന മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ഈ നിക്ഷേപം ഉപയോഗിക്കുമെന്ന് ഡോ.ബി ഗോവിന്ദന്‍ അറിയിച്ചു. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്‌സ് ഇതാദ്യമായാണ് നിക്ഷേപകരിൽ നിന്ന് തുക സമാഹരിക്കുന്നത്. ആഭരണ വ്യാപാരത്തിൽ കാലാനുസൃതമായ മാറ്റമാണ് കൊണ്ടുവരുന്നതെന്നും ഇന്ത്യയിൽ ഈ രീതിയിലുള്ള നിക്ഷേപ സമാഹരണം നടത്താൻ പദ്ധതിയില്ലെന്നും ഭീമ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ബി.ബിന്ദു മാധവ് വ്യക്തമാക്കി. ജി.സി.സിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായില്‍ 6,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഓഫിസ് പ്രവർത്തനം തുടങ്ങി.

ഉദ്ഘാടന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് സി.ഇ.ഒ തൗഹിദ് അബ്ദുല്ല, അയോധ്യ രാംലെല്ലാ ശില്‍പി അരുണ്‍ യോഗിരാജ്, വികാരിമാരായ ഫാ.അജു എബ്രഹാം, ഫാ.ജാക്‌സണ്‍ എന്നിവർ പങ്കെടുത്തു. ആലപ്പുഴയില്‍ 1925-ല്‍ സ്ഥാപിതമായ ഭീമ ജ്വല്ലേഴ്സിന് ഇന്ത്യയില്‍ 60 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. യു.എ.ഇയില്‍ നിലവില്‍ നാല് ഔട്ട്‌ലെറ്റുകളുമുണ്ട്.

About the author

themediatoc

Leave a Comment