Breaking News Featured Gulf UAE

“നിർമിത ബുദ്ധി” നിലവിലെ മാനവീകതയെ തകിടം മറിക്കും; ഡോ.അബ്ദുൾ സലാം മുഹമ്മദ് ഐ. എസ്. ആർ. ഒ. മുൻ ശാസ്ത്രജ്ഞൻ

Written by themediatoc

ദുബായ്: നിർമിത ബുദ്ധി കൂടുതൽ പ്രചാരം നേടുന്നതോടെ നിലവിലെ മാനവീകതയെ തകിടം മറിക്കും. ഒപ്പം ഇപ്പോൾ നമുക്കിടയിൽ നിലവിലുള്ള പല തൊഴിലുകളും അപ്രത്യക്ഷമാവുമെന്ന് ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞനും മർകസ് നോളജ് സിറ്റിയുടെ സി ഇ ഒ യുമായ ഡോ.അബ്ദുൾ സലാം മുഹമ്മദ് പറഞ്ഞു. ഇത് തന്‍റെ നിഗമനമല്ല, ലോക സാമ്പത്തിക ഫോറം ചെയർമാൻ പ്രൊഫ.ക്ളോസ് ഷ്വാബ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്നത്തെ പരമ്പരാഗത തൊഴിലുകൾ ഉണ്ടാവില്ല. സാങ്കേതിക വികസനത്തിന് അനുസൃതമായി തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാവും. ഈ യാഥാർഥ്യം ഉൾക്കൊണ്ട് പാഠ്യപദ്ധതി രൂപീകരണത്തിലും നിക്ഷേപത്തിലും വൈവിധ്യം കൊണ്ടുവരാൻ സാധിക്കണമെന്നും ഡോ.അബ്ദുൾ സലാം മുഹമ്മദ് പറഞ്ഞു. അടുത്തിടെ ജനീവയിൽ നടന്ന യുഎന്നിന്‍റെ വേൾഡ് അസോസിയേഷൻ ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്‍റിന്‍റെ വാർഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച അദ്ദേഹം ദുബായിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

ശാസ്ത്രീയമായ മുന്നറിയിപ്പ്​ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാനാവുമെന്ന്​ ഡോ. അബ്ദുൾ സലാം മുഹമ്മദ് വ്യക്തമാക്കി. മുന്നറിയിപ്പ്​ സംവിധാനങ്ങൾ വഴി ദുരന്തങ്ങ​ൾ ഫലപ്രദമായി നേരിടുന്ന ​ ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ മാതൃക നമ്മുടെ മുമ്പിലുണ്ട്​. വയനാട്​ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ്​ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്​ സഹായം ചെയ്യാമെന്ന്​ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. പശ്ചിമ ഘട്ടത്തിന്‍റെ പാരിസ്ഥിതിക സന്തുലനം പ്രധാനമാണ്. ചില മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കാറ്റാടി യന്ത്രം പോലും ഇതിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോടുള്ള മർകസ് നോളജ് സിറ്റിയിലെ വികസനം യുഎന്നിന്‍റെ മാനദണ്ഡങ്ങൾക്ക്​ അനുസൃതമാണെന്നും ഒരു സുസ്ഥിര നഗരത്തിന്‍റെ ആഗോള മാതൃക സ്ഥാപിക്കുന്നതിൽ വിജയിക്കാനായെന്നും ഡോ. അബ്ദുൾ സലാം പറഞ്ഞു. അദ്ദേഹം ചെയർമാനായ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മഫാസ’ ഇൻവെസ്റ്റ്‌മെന്‍റ്സ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരുപതിലധികം പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ കൂട്ടായ്മയുടെ ബലത്തിൽ, ‘മഫാസ‘യിൽ ഓരോ നിക്ഷേപവും സുരക്ഷിതവും വരുമാനം നൽകുന്നതും ആണെന്ന് ചടങ്ങിൽ സംസാരിച്ച സഹസ്ഥാപകനും സി.ഇ.ഒയുമായ ഐജാസ് അഹമ്മദ് ഖാൻ പറഞ്ഞു.

‘മഫാസ‘യിലെ നിക്ഷേപ പദ്ധതിയിൽപ്പോലും മൗലികവും സുസ്ഥിരവുമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന സമീപനമാണ് ഡോ. അബ്ദുൾ സലാം സ്വീകരിക്കുന്നതെന്ന് മാനേജിങ്​ ഡയറക്ടർ എ.ആർ അൻസാർ ബാബു പറഞ്ഞു. ചടങ്ങിൽ യു.എ.ഇയിലെ സാമൂഹിക മേഖലയിലെ പ്രമുഖർ ഡോ. അബ്ദുൾ സലാമിനെ ആദരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഡോ. അബ്ദുൾ ലത്തീഫ്, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. നിസാം ടി എം ജി ഗ്ലോബൽ മാനേജിങ്ങ് ഡയറക്ടർ തമീം അബുബക്കർ തുടങ്ങിയവർ പങ്കെടുത്തു.

About the author

themediatoc

Leave a Comment