അബുദാബി – അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ ഉയർന്നതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 184 യാത്രക്കാറുമായി വെള്ളിയാഴ്ച പുലർച്ച 1.40ന് പറന്ന IX 348 വിമാനമാണ് മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറക്കിയത്. എന്നാൽ യാത്രക്കാരെ അധികൃതർ വ്യത്യസ്ത വിമാനങ്ങളിലായി നാട്ടിലേക്കയച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാർക്ക് പരിക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യകത്മാക്കി.
വെള്ളിയാഴ്ച പുലർച്ച 1.40ന് പറന്ന IX 348 വിമാനം 1000 അടി ഉയർന്നപ്പോഴാണ് എൻജിനിൽനിന്ന് തീ ഉയരുന്നതായി ശ്രദ്ധയിൽപെട്ടത്. ഉടൻ തിരിച്ചിറക്കുകയായിരുന്നു. അതേസമയം യാത്രക്കാരെ ഷാര്‍ജ, ദുബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ വഴിയാണ് നാട്ടിലേക്കയച്ചത്. സന്ദർശക വിസക്കാരെ വെള്ളിയാഴ്ച രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്കയച്ചു. എന്നാൽ രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്ന ശേഷം ഇത്തരത്തിൽ തിരിച്ചിറക്കുന്നത്.
കഴിഞ്ഞ 27ന് ഷാർജ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂർ പറന്നശേഷമാണ് തിരിച്ചിറക്കിയത്. ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലേക്കയച്ചത് 38 മണിക്കൂറിനുശേഷമായിരുന്നു. എന്നാ കഴിഞ്ഞ 23ന് തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്കുപോയ എയർ ഇന്ത്യ വിമാനം ഇത്തരത്തിൽ പറന്നുയർന്ന് 45 മിനിറ്റിനുള്ളിൽ തിരിച്ചിറക്കുകയായിരുന്നു.