അബൂദബി – 2021ഡിസംബറില്‍ അമുസ്ലിംകള്‍ക്കായി ആരംഭിച്ച അബൂദബി സിവില്‍ കോടതിയുടെ സൗകര്യം ഇതുവരെ ഉപയോഗപ്പെടുത്തിയത് 5000 ദമ്പതികള്‍. ഇതില്‍ 12 ശതമാനവും ടൂറിസ്റ്റുകളായ ദമ്പതികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിലേറെയും ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ്. ഇന്ത്യ, ബ്രിട്ടന്, ലബനാന്, റഷ്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും സൗകര്യം പ്രയോജനപ്പെടുത്തിയെന്ന് നീതിന്യായ വകുപ്പില്‍ വിദേശികളുടെ സേവനവിഭാഗം മേധാവി മുന അല്‍ റഈസി പറഞ്ഞു. ശരീഅത്ത് നിയമത്തില്‍ നിന്നും ഭിന്നമായ നിയമമാണ് അബൂദബി നീതിന്യായ വകുപ്പ് അമുസ്ലിംകള്‍ക്കായി ആരംഭിച്ച കോടതിയിൽ ഉപയോഗിക്കുന്നത്.
എന്നാൽ കനേഡിയന്‍ ദമ്പതികളായിരുന്നു കോടതിയില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തത്. ജനുവരിയില്‍ എട്ടു ദമ്പതികളും ഫെബ്രുവരിയില്‍ 57 ആയും ഉയര്‍ന്നു. നവംബര്‍ ആയപ്പോഴേക്കും ഇത് 627 ആയി ഉയരുകയായിരുന്നു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണ അവകാശം, പിതൃത്വം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലെ നിയമങ്ങളാണ് അമുസ്ലിംകള്‍ക്കു മാത്രമായി കൊണ്ടുവന്നത്.
ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുന്നതിന് നടപ്പാക്കുന്ന വിവിധ നടപടികളുടെ ഭാഗമായും നിയമസംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് നിയമ പരിഷ്കരണം നടപ്പാക്കിയത്. എന്നാൽ അമുസ്ലിംകള്‍ക്കായി ആരംഭിച്ച നിയമം അടുത്ത വർഷം ഫെബ്രുവരി മുതൽ ഫെഡറൽ നിയമമായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.