ഷാർജ – ‘അൽ ഗിതാന റസിഡൻഷ്യൽ കോമ്പൗണ്ട്-1’ എന്നറിയപ്പെടുന്ന പദ്ധതി വഴി എമിറേറ്റിൽ 37.9കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഭവന പദ്ധതിക്ക് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുമതി നൽകി. ‘അൽ ഗിതാന റസിഡൻഷ്യൽ കോമ്പൗണ്ട്-1’ എന്നറിയപ്പെടുന്ന പദ്ധതിയിൽ മുഹതബ് നഗരപ്രാന്തത്തിൽ 366 വീടുകളുടെ നിർമാണമാണ് ഉൾപ്പെടുന്നത്.
നേരത്തേ സായിദ് ഹൗസിങ് പദ്ധതിയുടെ ഷാർജയുടെ പങ്ക് മറ്റ് എമിറേറ്റുകൾക്ക് ശൈഖ് സുൽത്താൻ വിട്ടുകൊടുത്തിരുന്നു. 2012 ൽ ഷാർജ ഭവന പദ്ധതി ആരംഭിച്ചതിനു ശേഷം 10 വർഷത്തിനുള്ളിൽ എട്ട്ശതകോടി ദിർഹം ചെലവ് വരുന്ന 10,000 വീടുകളുടെ നിർമാണത്തിലൂടെ എമിറേറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത് വിട്ടുനൽകിയത്. ഗ്രാൻഡുകളും ലോണുകളും ലഭിക്കുന്നവരെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്നും ഷാർജ ഭവന പദ്ധതി മേധാവി ഖലീഫ മുസാബ ബിൻ അഹ്മദ് അൽ തുനൈജി പറഞ്ഞു.
ഷാർജ ഹൗസിങ് പ്രോഗ്രാം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 5,058 ഗ്രാന്റുകളും 4,550 വായ്പകളും നൽകിയിട്ടുണ്ട്. പദ്ധതിയിൽ 3.5ശതകോടി ദിർഹം മൂല്യമുള്ള വായ്പകളും 7.5ശതകോടി ദിർഹം ഗ്രാന്റുകളുമാണ് നൽകിയിട്ടുള്ളത്.