ദുബായ്: മുപ്പത്തിയൊന്നാമത് ആഗോളതല ടൂറിസം, യാത്രാമേളക്ക് ദുബായ് ഉണർന്നു കഴിഞ്ഞു.165 രാജ്യങ്ങളിൽ നിന്നും 2300 ലേറെ പ്രദർശകരും 41,000 സന്ദർശകരും ഈ വര്ഷം അണിനിരക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്നായി ‘എംപവറിങ് ഇന്നൊവേഷൻ: ട്രാൻഫോർമിങ് ട്രാവൽ ത്രൂ എന്റർപ്രണർഷിപ്’ എന്ന തീം ആണ് ഇത്തവണ മേള ഉൾക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുകർക്കും നയരൂപകർത്താക്കൾക്കും വളർച്ചക്കുള്ള അവസരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതും യാത്ര, ടൂറിസം മേഖലയെ ശാക്തീകരിക്കുന്നതിന്നും മേള വേദിയുമാകും. കൃത്യമായി പറഞ്ഞാൽ ലോകത്തിന്റെ യാത്ര-വ്യവസായ മേഖലയുടെ പരിച്ഛേദം തന്നെയാകും ഇത്തവണത്തെ അന്താരാഷട്രമേള, ഒപ്പം സ്റ്റാർട്ടപ്പുകൾ മുതൽ മുൻനിര ബ്രാൻഡുകൾ വരെ അണിനിരക്കുകയും ചെയ്യും. വ്യത്യസ്ത വേദികളിൽ അരങ്ങേറുന്ന കോൺഫറൻസുകളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിതക്തർ ഗ്ലോബൽ സ്റ്റേജ്, ഫ്യൂചർ സ്റ്റേജ് എന്നി വിവിധ വിഷയങ്ങളെയും, ഈ മേഖലയുടെ സുസ്ഥിരത ലക്ഷ്യമിട്ടുള്ള നൂതന സംവിധാനങ്ങളെയും പറ്റി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു സംസാരിക്കും. ചൈന, മക്കാവോ, കെനിയ, ഗ്വാട്ടിമാല, കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പുതിയ യാത്ര ലക്ഷ്യസ്ഥാനങ്ങൾ എ.ടി.എം 2024ൽ അവതരിപ്പിക്കപ്പെടും. ഉദ്ഘാടന ദിവസം പ്രത്യേകമായ ഇന്ത്യ ഉച്ചകോടി നടക്കുന്നതോടൊപ്പം ടൂറിസം വളർച്ചക്കുള്ള പ്രധാന ഉറവിട വിപണിയെന്ന നിലയിൽ ഇന്ത്യയുടെ നിലവിലുള്ളതും ഭാവിയിലെയും അവസരങ്ങളെ ഉച്ചകോടി പരിചയപ്പെടുത്തും. എന്നാൽ ഈ മേഖലയിൽ ഈ വർഷം പുതിയ ട്രാവൽ ടെക്നോളജി ഉൽപന്നങ്ങളിൽ 58 ശതമാനം വർധനവും ഉണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. പുതുതായി മേളയിൽ പങ്കെടുക്കുന്ന ഹോട്ടൽ ബ്രാൻഡുകളുടെ എണ്ണം ഈ വർഷം 21 ശതമായി വർധിച്ചിട്ടുമുണ്ട്.