ഷാർജ – 2023 ഫെബ്രുവരി ഒന്നുമുതൽ ആരംഭിച്ച ഷാർജ ഹെറിറ്റേജ് ഡേയ്സിന്റെ ഇരുപതാമത്തെ പതിപ്പിന് നാലു ലക്ഷം പേരാണ് കാണാനെത്തിയത്. ‘പൈതൃകവും സർഗാത്മകതയും’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിച്ചത്. ഷാർജ ഹെറിറ്റേജ് ഡേയ്സിന്റെ ഇരുപതാമത്തെ പതിപ്പിന് തിങ്കളാഴ്ചയാണ് സമാപനമായത്. ഷാർജയിലെ വ്യത്യസ്ത നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ ഒരുക്കിയത്. വിവിധ സർക്കാർ സ്ഥാപനങ്ങളും അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത പരിപാടികളിൽ 42 രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കാളികളായിരുന്നു.
എമിറേറ്റിലെ നാല് പാരിസ്ഥിതിക മേഖലകളായ പർവതപ്രദേശം, കാർഷികം, മരുഭൂമി, സമുദ്രം എന്നിവയെ പരിചയപ്പെടുത്തുക എന്നതാണ് ഹെറിറ്റേജ് ഡേയ്സിന്റെ പ്രധാന ലക്ഷ്യം. പരമ്പരാഗത പൈതൃകത്തെ തിരിച്ചുകൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ നിരവധി വിനോദങ്ങളും സംഗീത പരിപാടികളും അരങ്ങേറി. കൂടാതെ കൃഷിയിടങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും ജനപ്രിയവിഭവങ്ങളും ലഭ്യമാക്കിയിരുന്നു. പരമ്പരാഗത സംസ്കാരത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി കുട്ടികൾക്ക് കഥകൾ, മത്സരങ്ങൾ, നാടകങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.
ഹെറിറ്റേജ് ഡെയ്സ് ഇത്തവണയും മുൻ വർഷങ്ങളിലെ പോലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിച്ചുവെന്ന് ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംഘാടകസമിതി അധ്യക്ഷനുമായ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു. പൈതൃകങ്ങളും സംസ്കാരവും സംരക്ഷിക്കുന്നതിന് സർവ പിന്തുണയും നൽകിവരുന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.