അബൂദബി – അബൂദബിയുടെ സാംസ്കാരിക പൈതൃക ഉത്സവമായ ശൈഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച അബൂദബി അല്‍ വത്ബയില് കൊടിയേറും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ഈ വര്‍ഷം 750 ഇന പ്രധാന പൊതുപരിപാടികള്‍ക്കുപുറമെ നാലായിരത്തിലേറെ മറ്റു പരിപാടികളും ഫെസ്റ്റിവലിൽ അരങ്ങേറും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്.
‘യു.എ.ഇ, നാഗരികത ഏകീകരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷം അല്‍ വത്ബയില് ശൈഖ് സായിദ് ഫെസ്റ്റിവല്‍ നടക്കുക. യൂനിയന്‍ പരേഡ്, ദേശീയദിന ആഘോഷങ്ങള്‍, പുതുവര്‍ഷ ആഘോഷങ്ങള്‍, ഗ്ലോബല്‍ പരേഡ്, അല്‍ വത്ബ കസ്റ്റം ഷോ തുടങ്ങി കുടുംബങ്ങളെയടക്കം സന്തുഷ്ടരാക്കുന്ന പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അരങ്ങേറുക. ഒപ്പം ആഴ്ചതോറും കരിമരുന്ന് പ്രകടനം മേളയിലുണ്ടാവും.
വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവിയെ പ്രോത്സാഹിപ്പിക്കുന്നതിന്നു വേണ്ടി സംഘടിപ്പിച്ച മേളയിൽ കാണികള്‍ക്കായി തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു ബസുകളും വെള്ളി മുതല്‍ ഞായര്‍ വരെ 10 ബസ്സുകളുമാണ് അബൂദബിയിലെ വിവിധ ഇടങ്ങളിലേക്കും തിരിച്ചും സൗജന്യ സര്‍വിസ് നടത്തുക.ഇതിന്നായി ദിവസ്സവും 30 ബസ്സ് സര്‍വിസുകളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ദിവസേന 36 ബസ്സ് സര്‍വിസുകളുമാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
അബൂദബിയിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്നു തുടങ്ങി റബ്ദാനിലെ കോ ഓപറേറ്റിവ് സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റിലേക്കും അവിടെനിന്ന് ബനിയാസ് കോര്‍ട്ട് പാര്‍ക്കിങ് ലോട്ടില്‍ നിന്നു തുടങ്ങി അല്‍ വത്ബയിലെ ഫെസ്റ്റിവല്‍ വേദിയിലേക്കുമാണ് ബസ്സുകൾ എത്തിച്ചേരുക. ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് തിരിച്ചുള്ള സര്‍വിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി വരെ 30 മിനിറ്റ് ഇടവിട്ട് നടത്തും. മറ്റു ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി 9.30വരെയാവും സര്‍വിസുകള്‍. ബസ് സര്‍വിസുകളുടെ സമയക്രമം അറിയാന്‍ സംയോജിത ഗതാഗതകേന്ദ്രത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ദര്‍ബി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാം. 2023 മാര്‍ച്ച് 18നാണ് ശൈഖ് സായിദ് ഫെസ്റ്റിവലിന് കൊടിയിറങ്ങുന്നത്.