അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. യുഎഇയിലെ ബ്രിട്ടീഷ് സ്ഥാനപതി എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യുകയും വൃക്ഷത്തൈ നടുകയും ചെയ്തു. ശാസ്ത്രരംഗത്തെ മുന്നേറ്റം വ്യക്തമാക്കുന്ന പരിപാടികൾ, ജെയിൻ ഓസ്റ്റിൻ നാടകാവതരണം, സംഗീത പരിപാടി, മോഡൽ യുഎൻ, TEDx എന്നിവ വാർഷികത്തിന്റെ ഭാഗമായി നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദി ബ്ലൂമിങ്ടൺ അക്കാദമി നൽകുന്ന ധനസഹായം റെഡ് ക്രസന്റിന് കൈമാറി. ഇതോടൊപ്പം നടന്ന ഇഫ്താർ സംഗമത്തിൽ അംബാസഡർ എഡ്വേർഡ് ഹോബർട്ട് സ്കൂളിലെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി. പത്ത് വർഷത്തിനകം സ്കൂൾ നേടിയ അംഗീകാരങ്ങൾ ഈ സ്ഥാപനത്തിന് പിന്നിൽ നടക്കുന്ന പ്രയത്നങ്ങളുടെ തെളിവാണെന്ന് ബ്രിട്ടീഷ് സ്ഥാനപതി പറഞ്ഞു.
അക്കാദമിക നേട്ടങ്ങൾക്കപ്പുറത്ത് വിദ്യാർഥികളുടെ മികച്ച ഭാവി രൂപപ്പെടുത്താനാണ് ഈ വിദ്യാലയം ശ്രമിക്കുന്നതെന്ന് നോർത്ത് പോയന്റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസർ പറഞ്ഞു. നിലവിൽ 64 രാജ്യങ്ങളിലെ വിദ്യാർഥികൾ ഇപ്പോൾ ബ്ലൂമിങ്ടണിൽ പഠിക്കുന്നുണ്ട്. സ്കൂളിന്റെ സ്ഥാപകരുടെ കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.