മനാമ: ദേശീയ ദിനാഘോഷത്തിനായി രാജ്യത്തെ നഗരങ്ങളും തെരുവുകളും അണിഞ്ഞൊരുങ്ങി. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും ചിത്രങ്ങളും പതാകകളും കൊണ്ടാണ് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ദേശീയ പതാകയെ പ്രതിനനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും കലർന്ന വർണങ്ങളിലുള്ള കൊടി തോരണങ്ങളും അലങ്കാര വിളക്കുകളുമാണ് പ്രധാന ആകർഷണം.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന സെലിബ്രേറ്റ് ബഹ്‌റൈൻ, മുഹറഖ് നൈറ്റ്‌സ് എന്നീ പരിപാടികളും പുരോഗമിക്കുകയാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സ്വദേശികളുടേയും വിദേശികളുടേയും ഒഴുക്ക് രാജ്യത്തെങ്ങും പ്രകടമാണ്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി വേള കൂടിയാണിത്. മന്ത്രാലയങ്ങൾ, ഗവർണറേറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വൈവിധ്യമാർന്ന ദേശീയ ദിനാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ബഹ്റൈൻ ദേശീയദിനത്തോട് അനുബന്ധിച്ച് ഡിസംബർ 16,17 ദിവസങ്ങളിൽ പൊതു അവധിയായിരിക്കും. സ്വദേശികളും വിദേശികളും വിപുലമായിട്ടാണ് ദേശീയദിനം ആഘോഷിക്കുക.