ഷാർജ: യുഎഇ ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഷാർജയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളോടൊപ്പം വാരാന്ത്യ ദിന അവധികൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.
ഡിസംബർ നാല് മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഷാർജയിൽ വാരാന്ത്യ അവധിയായിരിക്കും. എന്നാൽ മറ്റ് എമിറേറ്റ്സുകൾക്ക് പ്രവൃത്തിദിനമായിരിക്കും. യുഎഇയില്‍ പൊതു, സ്വകാര്യ മേഖലയ്ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. അവധി ലഭിക്കുക രണ്ട് ദിവസത്തെ ശമ്പളത്തോട് കൂടിയായിരിക്കും.
ഡിസംബർ രണ്ടിനാണ് യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിൻ്റെ ഔദ്യോഗിക നാമം ഈദ് അൽ ഇത്തിഹാദ് എന്നാണ് അറിയപ്പെടുക. ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അല്‍ ഇത്തിഹാദ് സോണുകള്‍ ഉണ്ടാകും. അല്‍ ഐനിലായിരിക്കും ഈദ് അല്‍ ഇത്തിഹാദിന്റെ പ്രധാന വേദി. ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ രാജ്യത്തെ എമിറേറ്റുകളില്‍ വിപുലമായ ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.