ദുബായ്: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശീവത്കരണത്തിനായുള്ള സമയ പരിധി ഡിസംബർ 31ന് അവസാനിക്കുമെന്ന് ഓർമ്മിപ്പിച്ച് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. 14 പ്രത്യേക സാമ്പത്തിക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 20 മുതൽ 49വരെ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം. ജനുവരി ഒന്നിന് ശേഷം സ്വദേശി നിയമനം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് ഓരോ സ്വദേശിക്കും 96,000 ദിർഹം വീതം പിഴ നൽകേണ്ടിവരും.
സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്വദേശിവ്തകരണം 2026ഓട് കൂടി പത്ത് ശതമാനത്തോളം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.പ്രതിവർഷം 12,000 സ്വദേശികൾക്ക് പദ്ധതി മുഖേന ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിയമം പാലിക്കാത്ത സ്ഥാപനത്തിൽനിന്ന് ഈടാക്കുന്ന പിഴത്തുക തൊഴിൽ തേടുന്ന സ്വദേശികൾക്ക് കൈമാറും.
സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലിടങ്ങളിൽ യു എ ഇ പൗരന്മാർക്കായി തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2021 സെപ്റ്റംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്.സ്വദേശിവത്കരണ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000, ഔദ്യോഗിക ആപ് എന്നിവ വഴി അറിയിക്കാം.